ഒരു ദിവസത്തേക്ക് ഫിൻലൻഡ്‌ പ്രധാനമന്ത്രിയായ പതിനാറുകാരി

October 8, 2020

നമ്മളിൽ പലരും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകും ഒരു ദിവസമെങ്കിലും ഒരു ഭരണാധികാരിയായിരിക്കാൻ സാധിച്ചിരുന്നെങ്കിൽ. മുതൽവൻ എന്ന ചിത്രത്തിൽ ഒരു ദിവസത്തേക്ക് മുഖ്യമന്ത്രിയായ കഥാപാത്രത്തെ അർജുൻ അവതരിപ്പിച്ചപ്പോൾ ഇതൊക്കെ ഒരിക്കലും നടക്കാത്ത കാര്യമാണ് എന്ന് ചിന്തിച്ചെങ്കിൽ തെറ്റി. ഫിൻലന്റിൽ ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയായ ഒരു പെൺകുട്ടിയാണ് വാർത്തകളിൽ നിറയുന്നത്.

പതിനാറുകാരിയായ ആവേ മുർതോയാണ് ഒറ്റദിവസത്തേക്ക് ഫിൻലന്റിന്റെ പ്രധാനമന്ത്രിപദം വഹിക്കാൻ അവസരം ലഭിച്ച ഭാഗ്യവതി. രാജ്യത്തിൻറെ പ്രധാനമന്ത്രി സന്ന മരിന്റെ നിർദേശപ്രകാരമാണ് ആവേ ഒരുദിവസത്തേക്ക് ഭരണാധികാരിയായത്. രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു അവസരം സന്ന മരിൻ ഒരുക്കിയത്.

ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണ് സന്ന മരിൻ. മുപ്പത്തിനാലുകാരിയായ സന്ന ഇത്തരം നവീനമായ ആശയങ്ങളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. മനുഷ്യാവകാശ പ്രവർത്തനങ്ങളിലും കാലാവസ്ഥ വ്യതിയാന പ്രവർത്തനങ്ങളിലും സജീവമായ കൗമാരക്കാരിയാണ് ആവേ. അങ്ങനെയാണ്, സന്ന മരിൻ പ്രധാനമന്ത്രി പദത്തിലേക്ക് ആവേയെ ക്ഷണിച്ചത്.

ഒരുദിനം മാത്രമാണ് അധികാരത്തിലിരുന്നതെങ്കിലും എംപിമാരുമായും മന്ത്രിമാരുമായും ഗൗരവകരമായ ചർച്ചകളും ആവേ നടത്തിയിരുന്നു. ഒരു ദിവസത്തേക്കെങ്കിലും പ്രധാനമന്ത്രി പദത്തിൽ ഇരിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലുമാണ് ഈ പതിനാറുകാരി.

Read More: Finland PM Sanna Marin hands her post to teenager for one day