‘ഈ മനോഹരമായ ഗാനം നൽകിയതിന് എന്റെ എല്ലാ സ്നേഹവും നന്ദിയും’- ബ്രിന്ദ മാസ്റ്റർക്ക് അഭിനന്ദനമറിയിച്ച് കല്യാണി പ്രിയദർശൻ

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘മരക്കാർ; അറബിക്കടലിന്റെ സിംഹം’. റിലീസിന് മുൻപേ രണ്ടു പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മികച്ച വി എഫ് എക്‌സിനുള്ള പുരസ്കാരവും, നൃത്ത സംവിധാനത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയത് മരക്കാറാണ്. ചിത്രത്തിനായി നൃത്തസംവിധാനം നിർവഹിച്ച് ബ്രിന്ദ മാസ്റ്റർ, പ്രസന്ന സുജിത്ത് എന്നിവരാണ് പുരസ്‌കാരങ്ങൾ സ്വന്തമാക്കിയത്. മരക്കാറിൽ പ്രധാന വേഷത്തിലെത്തുന്ന കല്യാണി പ്രിയദർശൻ ബ്രിന്ദ മാസ്റ്റർക്ക് അഭിനന്ദനം അറിയിച്ചിരിക്കുകയാണ്.

‘സിനിമയുടെ റിലീസിന് മുന്നോടിയായി തന്നെ നിങ്ങൾക്ക് ഇതിനകം ഹൃദയങ്ങളും അവാർഡുകളും നേടാൻ കഴിഞ്ഞു, ബ്രിന്ദ മാസ്റ്റർ. ഈ മനോഹരമായ ഗാനം നൽകിയതിന് എന്റെ എല്ലാ സ്നേഹവും നന്ദിയും അറിയിക്കുന്നു. ആളുകൾ ഇത് കാണുന്നത് വരെ എനിക്ക് കാത്തിരിക്കാനാവില്ല. നിങ്ങളോടൊപ്പം പ്രവർത്തിക്കാൻകഴിയുന്നത് എപ്പോഴും ഒരുബഹുമതിയാണ്. നിങ്ങളുടെ നാലാമത്തെ കേരള സംസ്ഥാന അവാർഡിന് അഭിനന്ദനങ്ങൾ’. കല്യാണി പ്രിയദർശൻ കുറിക്കുന്നു.

പ്രണവ് മോഹൻലാലിനൊപ്പം ചുവടുവയ്ക്കുന്ന ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ബ്രിന്ദ മാസ്റ്റർക്ക് കല്യാണി അഭിനന്ദനം അറിയിച്ചത്. അതേസമയം, പ്രത്യേക ജൂറി പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത് മരക്കാറിന്റെ വി എഫ് എക്‌സ് വിഭാഗത്തിന് നേതൃത്വം വഹിക്കുന്ന സിദ്ധാർത്ഥ് പ്രിയദർശനാണ്. സഹോദരന് അഭിനന്ദനം അറിയിച്ചും കല്യാണി രംഗത്ത് വന്നിരുന്നു.

മാർച്ച് 26ന് തീയേറ്ററിൽ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. മറ്റു ചിത്രങ്ങൾ ഓൺലൈൻ റിലീസിന് തയ്യാറെടുക്കുന്നുണ്ടെങ്കിലും മരക്കാർ അടുത്ത മാർച്ചിൽ തിയേറ്ററിൽ പ്രദർശിപ്പിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

Read More: ‘ജീവിതം നിങ്ങളെ എവിടേക്ക് കൊണ്ടുപോകുമെന്ന് ഒരിക്കലും പറയാൻ കഴിയില്ല’- ലോക്ക് ഡൗൺ കാലത്ത് പാചകവും കൃഷിയും പഠിച്ച സന്തോഷം പങ്കുവെച്ച് ആൻഡ്രിയ

മലയാളത്തിന് പുറമെ അഞ്ചു ഭാഷകളിലായാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയിൽ മോഹൻലാലിന് പുറമെ ഒട്ടേറെ സൂപ്പർതാരങ്ങൾ അണിനിരക്കുന്നുണ്ട്. തമിഴ് നടൻ പ്രഭു, സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Story highlights- kalyani priyadarshan appreciation brinda master