രാജസ്ഥാൻ റോയൽസിന് മുന്നിൽ 159 റണ്‍സിന്റെ വിജയലക്ഷ്യം ഉയർത്തി സണ്‍റൈസേഴ്സ്

October 11, 2020

ഐപിഎൽ പോരാട്ടത്തിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് മുന്നിൽ 159 റണ്‍സിന്റെ വിജയലക്ഷ്യം ഉയർത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 158 റണ്‍സ് നേടിയത്. 54 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍. 44 ബോളിലാണ് 54 റണ്‍സെടുത്തത്.

ഹൈദരാബാദിനായി വാര്‍ണര്‍ 38 ബോളില്‍ 48 റണ്‍സെടുത്തു. ബെയര്‍‌സ്റ്റോ 19 ബോളില്‍ 16 റണ്‍സും പ്രിയം ഗാര്‍ഗ് 8 ബോളില്‍ 15 റണ്‍സും നേടി. കെയ്ന്‍ വില്യംസണ്‍ 12 ബോളില്‍ 22 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രാജസ്ഥാനായി ആര്‍ച്ചര്‍, കാര്‍ത്തിക് ത്യാഗി, ഉനദ്കട് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സണ്‍റൈസേഴ്‌സ് നിരയില്‍ അബ്ദുല്‍ സമദിന് പകരം വിജയ് ശങ്കര്‍ ഇടംപിടിച്ചു. സഞ്ജു സാംസണിന്റെ 100ാം ഐ.പി.എല്‍ മത്സരമാണിത്.

Story highlights- Rajasthan wants 159 runs to win