കല്യാണ വേഷത്തിൽ സുരാജും നിമിഷയും-‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

സുരാജ് വെഞ്ഞാറമൂടും, നിമിഷ സജയനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പൃഥ്വിരാജാണ് പങ്കുവെച്ചത്. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ്- നിമിഷ ജോഡി ഒന്നിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍.

ജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അതേസമയം, ഡ്രൈവിംഗ് ലൈസൻസിന്റെ വൻ വിജയത്തിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ‘ ജന ഗണ മന’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് സുരാജ്.  ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്താണ് നടക്കുന്നത്.

അതേസമയം, നായാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് നിമിഷ സജയൻ. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ് എന്നിവർക്കൊപ്പമാണ്‌ നിമിഷ നായാട്ടിൽ വേഷമിടുന്നത്. ജോജു ജോർജ് നായകനായി വേഷമിട്ട് അവാർഡ് നേടിയ ചിത്രമായ ‘ജോസഫി’ന്റെ തിരക്കഥയൊരുക്കിയ ഷാഹി കബീറാണ് നായാട്ടിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ടാണ് സംവിധാനം.

Story highlights- the great indian kitchen first look poster