‘ദി ഗ്രേ മാനി’ൽ വേഷമിടുന്ന ധനുഷിന് അഭിനന്ദനവുമായി സൂര്യ

December 19, 2020

നെറ്റ്ഫ്ലിക്സ് ഒറിജിനലിന്റെ ‘ദി ഗ്രേ മാൻ’ എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നടൻ ധനുഷ്. ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്ന് താരം അഭിനന്ദനങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കെ, നടൻ സൂര്യയും ട്വിറ്ററിലൂടെ സുഹൃത്തിന് ആശംസയറിയിക്കുകയാണ്. ചിത്രത്തിന്റെ ഭാഗമാകുന്നതായി ധനുഷ് അറിയിച്ച കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് സൂര്യ അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്.

ദി ഗ്രേ മാൻ എന്ന ചിത്രത്തിൽ റയാൻ ഗോസ്ലിംഗ്, ക്രിസ് ഇവാൻസ് എന്നിവർക്കൊപ്പമാണ് ധനുഷ് വേഷമിടുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ച് പത്രക്കുറിപ്പ് പങ്കുവെച്ചുകൊണ്ട് ധനുഷ് ആരാധകർക്ക് നന്ദി അറിയിച്ചു. അവഞ്ചേഴ്‌സ് സംവിധായകർ റൂസോ സഹോദരങ്ങളുടെ ചിത്രത്തിലാണ് ധനുഷ് അഭിനയിക്കാൻ ഒരുങ്ങുന്നത്. ‘വർഷങ്ങളായി നിങ്ങൾ എന്നോട് കാണിക്കുന്ന എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും ലോകമെമ്പാടുമുള്ള എന്റെ പ്രിയപ്പെട്ട ആരാധകർക്ക് ആത്മാർത്ഥമായ നന്ദി. നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു’- ധനുഷ് കുറിക്കുന്നു.

അതേസമയം, ഇവർക്ക് പുറമെ വാഗ്നർ മൗറ, ജെസീക്ക ഹെൻ‌വിക്, ജൂലിയ ബട്ടർ‌സ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മാർക്ക് ഗ്രീനി എഴുതിയ ദി ഗ്രേ മാൻ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

 മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കർണന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി. നടി രജീഷ വിജയൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് കർണൻ. ചിത്രത്തിൽ ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷൻ, ലാൽ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. തേനി ഈശ്വരനാണ് ഛായാഗ്രഹണം.

Read More: അവഞ്ചേഴ്‌സ് ടീമിനൊപ്പം ധനുഷ്; ദി ഗ്രേ മാൻ ഒരുങ്ങുന്നു

ജഗമേ തന്തിരം, ആനന്ദ് എൽ റായിയുടെ ബോളിവുഡ് ചിത്രം അത്രാംഗി രേ, എന്നീ ചിത്രങ്ങളാണ് അണിയറയിൽ ധനുഷ് നായകനായി റിലീസിന് ഒരുങ്ങുന്നത്. രാം കുമാർ, സെൽവരഘവൻ, കാർത്തിക് നരേൻ എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും ധനുഷ് ഒപ്പുവെച്ചിട്ടുണ്ട്.

Story highlights- Suriya lauds Dhanush