ഓരോ വർഷവും ഓരോ രൂപത്തിലൊരുങ്ങുന്ന ഐസ് ഹോട്ടൽ; സഞ്ചാരികൾക്ക് കൗതുകമുണർത്തി മായിക കാഴ്ചകൾ

January 4, 2021

ഫ്രോസൺ സിനിമയിലെ ഐസ് പാളികൾ കൊണ്ടു തീർത്ത കൊട്ടാരം കണ്ട് ഒരിക്കലെങ്കിലും കൊതി തോന്നാത്തവരുണ്ടാകില്ല. അങ്ങനെയൊരു മായിക ലോകത്ത് താമസിക്കാൻ സ്വീഡനിൽ എല്ലാ വർഷവും അവസരമൊരുക്കാറുണ്ട്. ചെറിയ ആർട്ട് ഗാലറിയായി ആരംഭിച്ച് ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ഒരു അതുല്യ ഹോട്ടലായി മാറിയതാണ് സ്വീഡനിലെ ഐസ്ഹോട്ടൽ. 1989ലാണ് ഈ ഹോട്ടൽ നിർമിച്ചത്. പൂർണമായും ഐസിൽ പണികഴിപ്പിച്ച ഈ ആഡംബര ഹോട്ടൽ ഒരോ വർഷവും പുതുക്കി പണിയാറുണ്ട്. ഇപ്പോൾ ‌ അതിന്റെ 31-ാമത്തെ ഡിസൈൻ‌ ലോക ശ്രദ്ധ നേടുകയാണ്.

-5 മുതൽ -7 ഡിഗ്രി വരെയാണ് ഈ ഹോട്ടലിലെ താപനില. വടക്കൻ സ്വീഡനിലെ ജുക്കാസ്ജാർവിയിലാണ് പ്രസിദ്ധമായ ഐസ് ഹോട്ടൽ നിലകൊള്ളുന്നത്. ഓരോ വർഷവും മഞ്ജു വീഴ്ച ആരംഭിക്കുമ്പോഴും പുതിയ രൂപത്തിൽ ഹോട്ടൽ നിർമിക്കും. , ഈ വർഷം 35 കലാകാരന്മാരുടെ പങ്കാളിത്തത്തോടെയാണ് ഐസ് ഹോട്ടൽ പുനഃനിർമിച്ചിരിക്കുന്നത്. 1,300 കട്ട ഐസ് ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ഞുകാലം കഴിയുന്നതോടെ ഈ ഹോട്ടൽ ഉരുകി ടോൺ നദിയിലേക്ക് ചേരും.

Read More: ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപേ അരങ്ങൊഴിഞ്ഞ സംവിധായകൻ; ഷാജി പാണ്ഡവത്തിന്റെ ഓർമ്മകളിലൂടെ

കട്ടിലുകളും ഉപകാരണങ്ങളുമെല്ലാം ഐസ് പാളികൾ കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഒരു ഫ്രോസന്‍ ഫോറസ്റ്റ് സെറിമണി ഹാള്‍, ക്ലാസിക്കല്‍ മ്യൂസിക് ഉള്ള ഒരു കമ്പോസര്‍ സ്വീറ്റ്, ടൈപ്പോഗ്രാഫി റൂം, ഐസ് കൊണ്ട് മൂടിയ ഹോട്ട് ഡോഗ് സ്റ്റാന്‍ഡും ഒരു പഴക്കച്ചവടക്കാരന്‍റെ പ്രതിമയും ഉള്ള ഒരു സ്ട്രോബെറി സ്വീറ്റുമാണ് ഇത്തവണ ഐസ് ഹോട്ടലിൽ ഒരുക്കിയിരിക്കുന്നത്. താമസ സൗകര്യത്തിന് പുറമെ കലാപരിപാടികൾ അവതരിപ്പിക്കാനും ഒത്തുചേരലുകൾ നടത്താനുമെല്ലാം ഈ ഹോട്ടലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും മഞ്ഞു കാലത്ത് ഈ ഹോട്ടലിൽക്ക് എത്തുന്നത്.

Story highlights- ice hotel