പ്രണയപൂർവ്വം സുരാജും നിമിഷയും -‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനി’ലെ വീഡിയോ ഗാനം

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’. ഗാനം പുറത്തെത്തി. ‘ഒരു കുടം..’ എന്ന് തുടങ്ങുന്ന ഗാനം ഹരിത ബാലകൃഷ്ണനും സുലേഖ കാപ്പാടനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മൃദുലാദേവി എസ് ആണ്. സംഗീതം പകർന്നിരിക്കുന്നത് മാത്യൂസ് പുളിക്കനാണ്.

കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ.  സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍.

ജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.  അതേസമയം, ഡ്രൈവിംഗ് ലൈസൻസിന്റെ വൻ വിജയത്തിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ‘ ജന ഗണ മന’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടവേളയിലാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലേക്ക് താരമെത്തിയത്.

ലണ്ടനിൽ നടക്കുന്ന ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നിമിഷ സജയൻ.  നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ബ്രിട്ടീഷ്-ഇന്ത്യൻ ചിത്രമാണ് ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’. ലണ്ടനിലെ അനധികൃത കുടിയേറ്റ കുടുംബത്തിന്റെ കഥ പങ്കുവയ്ക്കുന്ന ചിത്രത്തിന് നീത ശ്യാമാണ് തിരക്കഥ ഒരുക്കിയത്. മകളെ കാണാതാകുമ്പോൾ ഒരു കുടുംബം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൂടെയും അവരുടെ ജീവിതത്തിലൂടെയുമാണ് കഥ സഞ്ചരിക്കുന്നത്. ദി പ്രൊഡക്ഷൻ ഹെഡ്ക്വാർട്ടേഴ്സിന്റെ ബാനറിൽ മോഹൻ നാടാർ ആണ് ചിത്രം നിർമ്മിക്കുന്നത്.

Story highlights- the great indian kitchen song