‘മണി ഹെയ്‌സ്‌റ്റിലെ പ്രൊഫസറെ മറന്നേക്കു, അതിലും ജീനിയസാണ് ജോർജുകുട്ടി’- ആഫ്രിക്കയിലും ഹിറ്റായി ദൃശ്യം 2

March 30, 2021

മലയാള സിനിമയിൽ പ്രതീക്ഷകൾ തെറ്റിക്കാത്ത സിനിമകളിലൊന്നാണ് ദൃശ്യം 2. പ്രേക്ഷക പ്രതീക്ഷകൾ തകർത്ത് 2013ൽ ദൃശ്യം ഹിറ്റായപ്പോൾ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് വളരെ വലുതായിരുന്നു. ഒടുവിൽ പ്രേക്ഷകരെ നിരാശരാക്കാതെ, അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ദൃശ്യം 2 ഉയർന്നപ്പോൾ ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ ചിത്രം ഹിറ്റായി. ഇപ്പോഴിതാ, ഒരു ആഫ്രിക്കൻ ബ്ലോഗ്ഗർ മണി ഹെയ്‌സ്റ്റുമായി താരതമ്യം ചെയ്യുകയാണ് ദൃശ്യം 2വിനെ.

പ്രശസ്ത ആഫ്രിക്കൻ ബ്ലോഗർ ഫീഫി അദിന്‍ക്രാ ട്വിറ്ററിലൂടെയാണ് ചിത്രത്തെ പ്രശംസിച്ച് എത്തിയത്. മണി ഹെയ്‌സ്‌റ്റിലെ പ്രൊഫസറേക്കാൾ ജീനിയസാണ് ജോർജുകുട്ടി എന്നാണ് അദ്ദേഹം കുറിക്കുന്നത്. ‘ലോകപ്രസിദ്ധമായ മണി ഹെയ്‌സ്‌റ്റിലെ പ്രൊഫസറെ മറന്നേക്കൂ, ദൃശ്യം 2വിലെ ജോർജുകുട്ടി അതിലും ജീനിയസാണ്’ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

ഒടിടി റിലീസ് ആയിരുന്നതുകൊണ്ട് ദൃശ്യം 2ന് ഭാഷയ്ക്ക് അതീതമായി സ്വീകാര്യത ലഭിച്ചു. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ദൃശ്യം 2-ന്റെ റിലീസ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മോഹന്‍ലാലിനൊപ്പം ആശ ശരത്ത്, അന്‍സിബ, എസ്തര്‍, സായ്കുമാര്‍, മീന, സിദ്ദിഖ്, മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ചലി നായര്‍, സുമേഷ് ചന്ദ്രന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

Read More: റെയില്‍വേ സ്റ്റേഷനില്‍വെച്ച് സൈനികര്‍ക്കൊപ്പം ചേര്‍ന്നു അങ്ങനെ ആ കരടി ഒരു പട്ടാളക്കാരനായി

മികച്ച സ്വീകാര്യത നേടിയ ദൃശ്യം എന്ന ചിത്രത്തിന് തുടര്‍ഭാഗം വരുമ്പോള്‍ പ്രതീക്ഷയേറെയായിരുന്നു പ്രേക്ഷകര്‍ക്കും. ആ പ്രതീക്ഷ തെല്ലും തെറ്റിയില്ല. എന്തുകൊണ്ടും ദൃശ്യത്തിന്റെ കൂടെപ്പിറപ്പുതന്നെയാണ് ദൃശ്യം 2 എന്നു പറയാം. കഥയിലും തിരക്കഥയിലും സംവിധാനത്തിലും അഭിനയത്തിലും എന്നുവേണ്ട എല്ലാ സംഗതികളിലും അത് അങ്ങനെതന്നെയാണ്. ദൃശ്യത്തോട് ഒപ്പം നില്‍ക്കുന്നു ദൃശ്യം രണ്ടാം ഭാഗവും.

Story highlights- african blogger appreciate drishyam 2