സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ സി സി ടി വി ദൃശ്യത്തിലെ താരങ്ങൾ ദേ, ഇവിടുണ്ട്- വിഡിയോ

April 19, 2021

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തി ചർച്ചയാകുകയാണ് ഒരു സി സി ടി വി ദൃശ്യം. സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന മൂന്നുപേർ പോലീസ് ജീപ്പ് കണ്ട് നിർത്തി പലവഴിക്ക് ഓടുകയാണ്. അതിൽ ഒരാൾ മാത്രം പതിയെ മാസ്‌ക് വെച്ച് ഒന്നും അറിയാത്ത ഭാവത്തിൽ നടന്നു പോകുന്നു. പോലീസ് ജീപ്പ് അടുത്തുവന്നു നിർത്തുമ്പോഴും ഇദ്ദേഹം വളരെ തന്മയത്വത്തോടെ ഭാവമാറ്റം ഇല്ലാതെ നടക്കുകയാണ്. ആളുകളെ ഒന്നടങ്കം ചിരിപ്പിച്ച വിഡിയോ പോലീസ് ഫേസ്ബുക്ക് പേജിലും രസകരമായ ക്യാപ്ഷനോടെ എത്തി. ഒട്ടേറെ ആളുകൾ ഷെയർ ചെയ്ത വിഡിയോയിലെ ആ അതിഗംഭീര നടനെ 24 ന്യൂസ് കണ്ടെത്തിയിരിക്കുകയാണ്.

മഞ്ഞപ്പാറയിലെ വാർഡ് മെമ്പർ കൂടിയാണ് അദ്ദേഹം. വിഷുവും റംസാനും അനുബന്ധിച്ച് തണൽ ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി കിറ്റ് വിതരണത്തിന് പോകുകയായിരുന്നു മൂന്നുപേരും. അതിനിടയിലാണ് പോലീസ് ജീപ്പ് കണ്ടത്. പെട്ടെന്ന് അങ്ങനെ ചെയ്‌തെങ്കിലും പോലീസ് ഇവരെ കണ്ടിരുന്നുവെന്നും, വണ്ടി നിർത്തി ചോദിച്ചുവെന്നും അദ്ദേഹം പറയുന്നു. ചെയ്തത് തെറ്റാണെങ്കിലും കിറ്റ് വിതരണത്തിന്റെ കാര്യം പറഞ്ഞപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ അംഗീകരിച്ചു എന്നും കഥാനായകൻ പറയുന്നു.

Read More: ഗായിക ദീയുടെ കുട്ടി വേര്‍ഷന്‍; മിയക്കുട്ടിയുടെ മേക്കോവര്‍ സൈബര്‍ ഇടങ്ങളില്‍ ഹിറ്റ്

അതേസമയം, രസകരമായ സംഭവം നടന്ന സ്ഥലത്തെ ഒരു വീടിന്റെ ഉടമസ്ഥൻ സി സി ടി വിയിൽ കണ്ട ദൃശ്യം പ്രാദേശിക ഗ്രൂപ്പിൽ ഇടുകയും പിന്നീടത് എല്ലാരിലേക്കും എത്തുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്തായാലും ഒരു നിമിഷമെങ്കിലും ആളുകളെ ചിരിപ്പിച്ച വിഡിയോ വൈറലായി മാറിയിരിക്കുകയാണ്.

Story highlights- 24 news special story