ഡ്രൈവറില്ല; ഓക്‌സിജന്‍ ലോറിയുടെ വളയംപിടിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍

May 14, 2021
Joint RTO Takes Driver Role Of Oxygen Truck

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാം. നാളുകള്‍ ഏറെയായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും നിയന്ത്രണവിധേയമായിട്ടില്ല കൊറേണ വൈറസ് വ്യാപനം. മാത്രമല്ല കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണ്. കൊവിഡ് പോരാട്ടത്തിന് കരുത്ത് പകരുന്ന നിരവധി മാതൃകകള്‍ സൈബര്‍ ഇടങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്.

അത്തരത്തിലുള്ള ഒരു പ്രവര്‍ത്തനമാണ് ശ്രദ്ധ ആകര്‍ഷിക്കുന്നതും. കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിനായി ലോറിയുടെ വളയം പിടിച്ച ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെകടറാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

Read more: പെൻഷൻ തുക കൊവിഡ് രോഗികൾക്കായി നൽകിയ യുവതിയെ പ്രശംസിച്ച് സോനു സൂദ്

ചെങ്ങന്നൂരിലെ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലാണ് അടിയന്തിരമായി ഓക്‌സിജന്‍ ആവശ്യമായി വന്നത്. എന്നാല്‍ ഓക്‌സിജന്‍ സിലിണ്ടറുമായി പോകേണ്ട ലോറിയുടെ ഡ്രൈവറിന് എത്തിപ്പെടാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ് മാവേലിക്കരയിലെ ജോയിന്റ് ആര്‍ടിഒ മനോജ് എംജി ലോറിയോടിച്ച് കൃത്യമായി ഓക്‌സിജന്‍ എത്തിച്ചത്.

മാവേലിക്കരയിലെ ട്രാവന്‍കൂര്‍ ഫാക്ടറിയില്‍ നിന്നുമാണ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കയറ്റിയത്. പരമാവധി വേഗത്തില്‍ ചെങ്ങന്നൂരില്‍ എത്തിക്കുകയും ചെയ്തു. ജോയിന്റ് ആര്‍ടിഒ മനോജ് എംജിയും പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാഹനത്തില്‍ നിന്നിറക്കിയത്. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ സംഭവം പങ്കുവെച്ചിട്ടുണ്ട്.

Story highlights: Joint RTO Takes Driver Role Of Oxygen Truck