മില്‍ഖ സിങ് എന്ന പറക്കും സിഖ്; അറിയാം ആ ജീവിതത്തെക്കുറിച്ച്

June 19, 2021
Life story of Milkha Singh

ഇന്ത്യന്‍ കായിക ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് മില്‍ഖാ സിങിന്റേത്. രാജ്യത്തിന്റെ സ്വകാര്യ അഹങ്കാരം എന്നുപോലും വിശേഷിപ്പിക്കാവുന്ന അത്‌ലറ്റിക് ഇതിഹാസത്തെ മരണം കവര്‍ന്നെടുത്തപ്പോള്‍ നെടുവീര്‍പ്പിടുകയാണ് കായികലോകം. കൊവിഡാനന്തരം ചികിത്സയിലിരിക്കവെയാണ് മരണം അദ്ദേഹത്തെ കവര്‍ന്നെടുത്തത്. ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗറിന്റെ വേര്‍പാടിന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മില്‍ഖ സിങ്ങിന്റെ വേര്‍പാട് എന്നതും ദുഃഖത്തിന്റെ ആഴം ഇരട്ടിപ്പിക്കുന്നു.

മില്‍ഖ സിങ് കായികപ്രേമികള്‍ക്ക് ഇടയില്‍ അറിയപ്പെട്ടത് പറക്കും സിഖ് എന്നാണ്. അത്രമേല്‍ വേഗതയായിരുന്നു ആ മനുഷ്യന്. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ് മില്‍ഖ സിങ്.

Read more: കാൽനടയിലായി 5,000 മൈലുകൾ; കാൻസറിനെ പൊരുതിതോൽപ്പിക്കാൻ ഇറങ്ങിത്തിരിച്ച യുവതി…

വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1958-ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയപ്പോള്‍ മില്‍ഖയെ അഭിനന്ദിക്കുന്നതിനായി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഫോണില്‍ വിളിച്ചു. അന്ന് സമ്മാനമായി എന്ത് വേണം എന്ന് ചോദിച്ചപ്പോള്‍ വിജയത്തിന്റെ ആഹ്ലാദം പങ്കുവയ്ക്കുന്നതിനായി ഒരു ദിവസത്തെ അവധിയായിരുന്നു അദ്ദേഹം ചോദിച്ചത്.

ഏഷ്യന്‍ ഗെയിംസില്‍ നാല് തവണ മില്‍ഖ സിങ് സ്വര്‍ണം നേടിയിട്ടുണ്ട്. ദേശീയ ഗെയിംസില്‍ 200 മീറ്ററിലും 400 മീറ്ററിലും സ്വര്‍ണ നേട്ടം കൊയ്തു. മറ്റ് നേട്ടങ്ങള്‍ വേറേയും. 1959-ല്‍ പദ്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. ഇരട്ട പദ്മശ്രീ നേടിയ കായിക കുടുംബമാണ് മില്‍ഖയുടേത് എന്നതും മറ്റൊരു പ്രത്യേകതയാണ്. അദ്ദേഹത്തിന്റെ മകന്‍ ജീവ് 2007-ല്‍ പദ്മശ്രീ സ്വന്തമാക്കി. ഗോള്‍ഫ് താരമാണ് ജീവ്.

ഒരിക്കല്‍ ഒരു സെക്കന്റിന്റെ വ്യത്യാസത്തിലാണ് മില്‍ഖ സിങ്ങിന് ഒളിമ്പിക്‌സ് മെഡല്‍ നഷ്ടമായത്. 1960 ലെ റോം ഒളിമ്പിക്‌സില്‍. അന്ന് അദ്ദേഹം 400 മീറ്ററില്‍ നാലാം സ്ഥാനത്തെത്തി. അതും 0.1 സെക്കന്റിന്റെ വ്യത്യാസത്തില്‍. 1956-ല്‍ മെല്‍ബണ്‍ ഒളിമ്പിക്‌സിലും 1964-ല്‍ ടോക്യോ ഒളിമ്പിക്‌സിലും മില്‍ഖ ഇന്ത്യയ്ക്ക് വേണ്ടി ട്രാക്കില്‍ ഇറങ്ങിയിട്ടുണ്ട്.

Story highlights: Life story of Milkha Singh