‘നവരസ’യിലെ രണ്ടു ഗാനങ്ങൾകൂടി എത്തി-ലിറിക്കൽ വിഡിയോ

July 15, 2021

വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രമായ നവരസയിൽ നിന്നുള്ള രണ്ടു പാട്ടുകൾ പുറത്തുവിട്ടു. ഒൻപത് ഭാഗങ്ങളുള്ള ആന്തോളജിയിൽ നിന്നുള്ള സംവിധായകൻ സർജുൻ കെ‌എമ്മിന്റെ ‘തുനിന്ത പിൻ’ എന്ന കഥയിലെ ഗാനവും ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത എതിരി എന്ന ഭാഗത്തിലെയും ഗാനങ്ങളാണ് എത്തിയത്.

‘ദി ബ്ലീഡിംഗ് ഹാർട്ട്’ ആണ് ‘തുനിന്ത പിൻ’ എന്ന ഭാഗത്തിലെ ഗാനം. സംഗീതസംവിധായകൻ സുന്ദരമുത്തിയാണ് സൗന്ദര രാജന്റെ വരികൾക്ക് ഈണം പകർന്നത്. ധൈര്യമെന്ന വികാരത്തെ അടിസ്ഥാനമാക്കിയുള്ള ‘തുനിന്ത പിന്നി’ൽ അഭിനേതാക്കളായ അഥർവ, അഞ്ജലി, കിഷോർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ വൃഷ ബാലുവാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

അതേസമയം, വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്‍വന്‍ എന്നിവർ വേഷമിടുന്ന എതിരിയിലെ ഗാനം ആലപിച്ചിരിക്കുന്നത് ചിന്മയി ശ്രീപദയാണ്. ‘യാതോ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കാര്‍ക്കി ആണ്. ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്നിരിക്കുന്നു.

Read More: ‘തീർച്ചയായും ഒരു ഗംഭീര തീയേറ്റർ അനുഭവം ആകുമായിരുന്നു മാലിക്‌’- ആന്റോ ജോസഫിന്റെ വാക്കുകൾ

കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം എന്നിങ്ങനെ ഒൻപത് രസങ്ങൾ അടിസ്ഥാനമാക്കിയാണ് ആന്തോളജി ചിത്രം ഒരുക്കുന്നത്. അരവിന്ദ് സ്വാമി, ബെജോയ് നമ്പ്യാർ, ഗൗതം വാസുദേവ് ​​മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ വി ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവരാണ് ഓരോ ചിത്രങ്ങളും സംവിധാനം ചെയ്യുന്നത്.

Story highlights- navarasa latest tracks released