സൂപ്പർ സ്റ്റാറായി വീണ്ടും കെഎസ്ആർടിസി; പുലര്‍ച്ചെ വിജനമായ വഴിയില്‍ ഇറങ്ങിയ യാത്രക്കാരിക്ക് തുണയായി കെഎസ്ആർടിസി ജീവനക്കാർ…

July 23, 2018

അര്‍ധരാത്രി വഴിയോരത്ത് ഇറങ്ങിയ പെണ്‍കുട്ടിയ്ക്ക് തുണയായി നിന്ന് കെ എസ് ആർ ടി സി  മാതൃകയായത് സോഷ്യൽ  മീഡിയയിൽ വളരെ ഏറെ ചർച്ചയായിരുന്നു. എന്നാൽ മനുഷ്യത്വപരമായ നിലപാടെടുത്ത് വീണ്ടും  ഏറെ കൈയ്യടി നേടി  ജനഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് കേരളത്തിന്റ ആനവണ്ടി. പുലര്‍ച്ചെ വിജനമായ വഴിയില്‍ ഇറങ്ങിയ ഇരിങ്ങാലക്കുട സ്വദേശി വീട്ടമ്മയ്ക്കാണ് ഇത്തവണ കെ എസ് ആർ ടി സി  തുണയായത്.

ഇരിങ്ങാലക്കുട സ്വദേശിയായ റെജി തോമസിനാണു ബസ് ജീവനക്കാര്‍ തുണയായത്. പുലര്‍ച്ചെ വിജനമായ വഴിയില്‍ ഇറങ്ങിയ വീട്ടമ്മയ്ക്ക് ഭർത്താവ് എത്തുന്നതുവരെയാണ് ബസ് ജീവനക്കാർ കാത്തുനിന്നത്. തിരുവനന്തപുരം തമ്പാനൂരില്‍ നിന്നു മൈസൂരുവിലേക്കു പോകുന്ന ബസില്‍ ഇരിങ്ങാലക്കുടയ്ക്കു പുറപ്പെട്ട റെജി ഇന്നലെ പുലര്‍ച്ചെ ഒന്നേമുക്കാലോടെ ചാലക്കുടി പനമ്പിള്ളി കോളേജ് സ്റ്റോപ്പില്‍ ഇറങ്ങി. എന്നാല്‍ റെജിയെ കൊണ്ടുപോകാന്‍ ആ സമയത്ത് ഭര്‍ത്താവ് എത്തിയിരുന്നില്ല. വിജനമായ സ്റ്റോപ്പില്‍ ആ സമയത്തു യുവതിയെ ഒറ്റയ്ക്കു നിര്‍ത്തുന്നതു സുരക്ഷിതമല്ലെന്നു തോന്നിയ ബസ് ഡ്രൈവറും കണ്ടക്ടറും ഭര്‍ത്താവ് വരുന്നതു വരെ ബസ് നിര്‍ത്തി കാത്തുനിൽക്കുകയായിരുന്നു.

തിരുവനന്തപുരം മൈസൂർ റോഡിൽ ഓടുന്ന ബസിലെ  പ്രകാശ്, ഹനീഷ് എന്നീ ബസ് ജീവനക്കാരാണ് വീട്ടമ്മയ്ക്ക് തുണയായി നിന്നത്. ബസിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരുടെ ഈ നടപടിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഏകദേശം പത്ത് മിനിറ്റോളമാണ് യാത്രക്കാരിക്കുവേണ്ടി ബസ് നിർത്തിയിട്ട് ഇവർ സഹകരിച്ചത്.