ശ്രദ്ധേയമായി ‘ഒരു കാഞ്ഞിരപ്പള്ളി പ്രണയം’; വീഡിയോ

February 19, 2019

ജീവിതം പ്രേമപൂര്‍ണ്ണമായിരിക്കണമെന്ന് വൈക്കം മുഹമ്മദ് ബഷീര്‍ കുറിച്ചത് ഓര്‍മ്മയില്ലെ. ജീവിതം എന്നും പ്രണയപൂര്‍ണ്ണമായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. പ്രണയത്തെക്കുറിച്ചുള്ള വരികളും വരകളും കഥകളുമൊക്കെ പണ്ടേയ്ക്കു പണ്ടേ  പലരുടെ ഇടയിലും സ്ഥാനം പിടിക്കാറുണ്ട്.

ദിവ്യപ്രണയം എന്നു പറയുമെങ്കിലും അടുത്തിടെ പ്രണയത്തോടൊപ്പം തന്നെ ‘തേപ്പും’ ഇടയ്‌ക്കെപ്പോഴോ സ്ഥാനം പിടിച്ചു. എന്നാല്‍ ഒരു ദിവ്യപ്രണയത്തെക്കുറിച്ചുള്ള ആല്‍ബമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘ഒരു കാഞ്ഞിരപ്പള്ളി പ്രണയം’ എന്നാണ് ഈ മ്യൂസിക്കല്‍ ആല്‍ബത്തിന്റെ പേര്.

പവിത്രമായ പ്രണയത്തിന്റെ സുന്ദരവും സുരഭിലവുമായ നിമിഷങ്ങളാണ് ഈ വീഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ടിറ്റോ പി തങ്കച്ചന്റേതാണ് ഗാനത്തിലെ വരികള്‍. ജോയല്‍ ജോണ്‍സ് സംഗീതം പകര്‍ന്നിരിക്കുന്നു. വിഷ്ണു രഘുവും അന്ന ബേബിയും ചേര്‍ന്നാണ് ആലാപനം. ഷെയ്‌സ് മുഹമ്മദാണ് ഈ ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. യുട്യൂബില്‍ പങ്കുവെച്ച ഈ പ്രണയഗാനം ഇതിനോടകംതന്നെ ഒരു ലക്ഷത്തോളം പേരാണ് കണ്ടത്.