ലോകത്തിന്റെ കരളലിയിച്ച ആ കുരുന്നുബാലനെത്തേടി അന്തർദേശിയ പുരസ്‌കാരം..

April 26, 2019

തന്റെ കൈയ്യബദ്ധം കൊണ്ട് അപകടം സംഭവിച്ച കോഴിക്കുഞ്ഞുമായി ആശുപത്രിയിൽ എത്തിയ കുഞ്ഞുബാലനെ അത്രപെട്ടന്നൊന്നും ആരും മറക്കില്ല. കയ്യിലുണ്ടായിരുന്ന പത്ത് രൂപയുമായി ആശുപത്രിയിൽ എത്തിയ കുട്ടിയുടെ ചിത്രവും കുറിപ്പും സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ കുഞ്ഞുമിടുക്കനെ തേടി എത്തിയിരിക്കുകയാണ് അന്തർദേശീയ പുരസ്‌കാരം. മൃഗക്ഷേമത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ‘പീറ്റയാണ് ഈ കുഞ്ഞുബാലനെ തേടിയെത്തിയത്. എട്ട് വയസിനും പന്ത്രണ്ട് വയസിനും ഇടയിലുളള്ള കുട്ടികൾക്കാണ് പീറ്റ കംപാഷനേറ്റ് കിഡ് പുരസ്കാരം നൽകുന്നത്.

മിസോറാമിലുള്ള സായ്‌രംഗ് എന്ന ഗ്രാമത്തിലെ  കുട്ടിയാണ്  കോഴിക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി ആശുപത്രിയിൽ എത്തിയത്. കുട്ടി സൈക്കിൾ ചവിട്ടുന്നതിനിടയിൽ അബദ്ധത്തിൽ ഒരു കോഴിക്കുഞ്ഞിന്‌ മുകളിലൂടെ സൈക്കിൾ കയറി. സങ്കടം സഹിക്കാനാവാതെ ഉടൻ തന്നെ തന്റെ കൈയിലുണ്ടായിരുന്ന പത്തു രൂപയുമെടുത്ത് കുട്ടി അടുത്തുള്ള  ആശുപത്രിയിയിലേക്ക് പാഞ്ഞു. ഹോസ്പിറ്റലിലെത്തി കോഴിക്കുഞ്ഞിനെ രക്ഷിക്കാൻ ആവശ്യപ്പെടുന്ന കുഞ്ഞിന്റെ ചിത്രമാണ് മാധ്യമങ്ങളിൽ ചർച്ചയായത്.. നിഷ്കളങ്കതയും സങ്കടവും നിറഞ്ഞ മുഖവുമായി നിൽക്കുന്ന കുട്ടിയുടെ ചിത്രം നിരവധി ആളുകളാണ് ഷെയർ ചെയ്‌തത്‌.

Read also: ‘ഇത്ര സിംപിളാണ് നമ്മുടെ മെഗാസ്റ്റാർ’; വൈറലായി മമ്മൂക്കയുടെ ഡെഡിക്കേഷനെ പ്രശംസിച്ച് ഒരു കുറിപ്പ്

ബാല്യത്തിന്റെ നിഷ്കളങ്കത തുളുമ്പുന്ന ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഈ കുഞ്ഞുബാലന് തോന്നിയ നല്ല മനസ് മുതിർന്നവരിൽ പലർക്കും ഇല്ലാതെ പോയല്ലോ എന്നാണ് പലരും പറയുന്നത്. ഈ കുട്ടിയെപ്പോലെ എല്ലാവരും ചിന്തിച്ചു തുടങ്ങിയിരുന്നുവെങ്കിൽ ഈ ലോകം എത്ര മനോഹരമായിരുന്നുവെന്ന് അഭിപ്രായപെട്ടും നിരവധി ആളുകൾ എത്തിയിരുന്നു. ഇപ്പോൾ ഈ കുരുന്നുബാലനെത്തേടി പുരസ്‌കാരം എത്തിയതിന്റെ സന്തോഷവും നിരവധി ആളുകൾ സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്യുന്നുണ്ട്.