പ്രണയാര്‍ദ്രമായി ‘ഒരു യമണ്ടന്‍ പ്രേമകഥ’യിലെ ഗാനം; വീഡിയോ

April 29, 2019

മനോഹരമായ പ്രണയാഗാനങ്ങള്‍ക്ക് എക്കാലത്തും ആരാധകര്‍ ഏറെയാണ്. അതുകൊണ്ടാണല്ലോ കാലാന്തരങ്ങള്‍ക്കുമപ്പുറം പല പ്രണയ ഗാനങ്ങളും ഇന്നും ആസ്വാദകര്‍ക്കിടയില്‍ സ്ഥാനം പിടിക്കുന്നത്. ഇപ്പോഴിതാ പ്രക്ഷകര്‍ക്കിടയില്‍ പ്രണയഭാവങ്ങള്‍ തീര്‍ക്കുകയാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്ന ചിത്രത്തിലെ പുതിയ ഗാനം.

തീയറ്ററുകളില്‍ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ നിറച്ച് മുന്നേറുകയാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്ന പുതിയ ചിത്രം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നതും. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ ഇഷ്ടതാരം ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ബി സി നൗഫല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

ചിത്രത്തിലെ ‘കണ്ണോ… നിലാക്കായല്‍…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. നാദിര്‍ഷ സംഗീതം പകര്‍ന്നിരിക്കുന്നു. നജീം അര്‍ഷാദാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തിന്റെ ദൃശ്യാവിഷ്‌കാരവും ഏറെ മനോഹരമാണ്.

നീണ്ട ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ മലയാള ചലച്ചിത്ര ലോകത്തേക്കുള്ള തിരിച്ചുവരവ്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കേ ചിത്രം ശ്രദ്ധേയമായിരുന്നു. കളര്‍ഫുള്ളായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാനോടൊപ്പം സലീം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ സാഹിര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ‘ഒരു യമണ്ടന്‍ പ്രേമകഥ’യില്‍ ലല്ലു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ ശ്രദ്ധേയനായ നടനായി മാറിയ ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ ആദ്യ മലയാള ചലച്ചിത്രമാണ് കോമഡി എന്റര്‍ടെയ്‌നറായ ‘ഒരു യമണ്ടന്‍ പ്രേമകഥ’. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, ബിബിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read more:മറഡോണയുടെ ജീവിതകഥയുമായി ഡോക്യുമെന്ററി; ശ്രദ്ധേയമായി ടീസര്‍

നിഖില വിമലും സംയുക്താ മേനോനുമാണ് ഒരു യമണ്ടന്‍ പ്രേമകഥയില്‍ നായികമാരായെത്തുന്നത്. നാദിര്‍ഷ സംഗീതം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പി സുകുമാറാണ്. ഹാസ്യം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊച്ചി കേന്ദ്രമാക്കിയായിരുന്നു ‘ഒരു യമണ്ടന്‍ പ്രേമകഥ’യിലെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.

2017 ഒക്ടോബര്‍ 5 ന് പുറത്തിറങ്ങിയ ‘സോളോ’ ആണ് ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തിയ അവസാന ചിത്രം. ബിജോയ് നമ്പ്യാരാണ് ‘സോളോ’യുടെ സംവിധായകന്‍. ‘അമര്‍ അക്ബര്‍ അന്തോണി’, ‘കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിര്‍മ്മാണം.