ഭീകരാക്രമണം കേരളത്തിലും നടത്താന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍

April 30, 2019

കേരളത്തിലും ഭീകരാക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന സംശയത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പാലക്കാട് മുതലമട ചുള്ളിയാര്‍മേട് ചപ്പക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ  അറസ്റ്റു ചെയ്തു. ഇയാളില്‍ നിന്നുമാണ് കേരളത്തിലും സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി വിവരം ലഭിച്ചത്.

ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സഹ്രാന്‍ ഹാഷിമുമായി റിയാസ് ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ശ്രീലങ്കയിലെ സ്‌ഫോടനങ്ങളുമായി റിയാസിന് പങ്കില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. അതേസമയം സഹ്രാന്‍ ഹാഷിമിന്റെ തീവ്രവാദ സന്ദേശങ്ങള്‍ കേരളത്തില്‍ നിരീക്ഷണത്തിലും കസ്റ്റഡിയിലുമുള്ള ചിലര്‍ പ്രചരിപ്പിച്ചതായും എന്‍ഐഎയ്ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

കേരളത്തില്‍ പുതുവത്സര ദിനത്തില്‍ അക്രമം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. വിദേശികള്‍ കൂടുതല്‍ ഉള്ള ഇടങ്ങളില്‍ സ്‌ഫോടനം നടത്താനായിരുന്നു ഉദ്ദേശ്യം. എന്നാല്‍ കൂട്ടത്തില്‍പെട്ട ചിലര്‍ തീരുമാനത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് പദ്ധതി നടപ്പിലാക്കാതെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് എന്‍ഐഎയുടെ നിഗമനം. തൊപ്പിയും അത്തറും വിറ്റിരുന്ന ആളാണ് റിയാസ്. ഇയാള്‍ ഐഎസിന്റെ ആശയങ്ങളുമായി കടുത്ത ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന തെളിവുകളും എന്‍ഐഎ ഇയാളുടെ കൈകളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

Read more:‘സുന്ദരി കണ്ണാളൊരു…’; നിത്യഹരിത പ്രണയ ഗാനത്തിന് വയലിന്‍ സംഗീതമൊരുക്കി ഗോവിന്ദ് വസന്ത; വീഡിയോ

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശി അബൂബക്കര്‍ സിദ്ധിഖ്, കുഡ്‌ലു കളംകാവിലെ അഹമ്മദ് അറാഫത്ത് എന്നിവരെയും എന്‍ഐഎ വിശദമായി ചേദ്യം ചെയ്തിരുന്നു. അതേസമയം ശ്രീലങ്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹായത്തോടെയാണ് എന്‍ഐഎയുടെ അന്വേഷണം പുരോഗമിക്കുന്നത്. ശ്രീലങ്കയ്ക്ക് ലഭിക്കുന്ന വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുന്നുണ്ട്. ഇതുവരെ കസ്‌റ്റെഡിയിലെടുത്തവരുടെ വീടുകളില്‍ നടത്തിയ പരിശോധനകളില്‍ നിന്നും പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ് എന്നിവയടക്കം നിരവധി രേഖകളും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ രേഖകളുടെ ഫോറന്‍സിക് പരിശോധനയും ഉടന്‍ പൂര്‍ത്തിയാക്കും.