പ്രതീക്ഷിക്കാത്ത നേരത്ത് ധോണിയുടെ മിന്നല്‍ സ്റ്റംമ്പിങ്; കളം വിട്ട് ക്രിസ് മോറിസ്: വീഡിയോ

May 2, 2019

ക്രിക്കറ്റ് ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസതാരം. മഹേന്ദ്രസിങ് ധോണിയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതിലും തെറ്റില്ല. കളിക്കളത്തില്‍ എപ്പോഴും ധോണിയുടേതായ ഒരു മാജിക് മൊമന്റ് ഉണ്ടാകും. എതിരാളികളെ ചെറുത്ത് തോല്‍പിക്കാന്‍ ഉതകുന്ന അത്ഭുത മുഹൂര്‍ത്തം. ധോണിയുടെ മാജിക്കുകള്‍ എല്ലാം പലപ്പോഴും സാമൂഹ്യമാധ്യമങ്ങളിലും ശ്രദ്ധേയമാകാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്റെ ഒരു മിന്നല്‍ സ്റ്റംപിങാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് കൗതുകമാകുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തിലാണ് സ്റ്റംമ്പിങ്ങുകൊണ്ട് വീണ്ടും  ധോണി താരമായത്. ആരും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു ധോണിയുടെ മിന്നല്‍ സ്റ്റംമ്പിങ്. ഇതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ക്രിസ് മോറിസ് കളം വിട്ടു.

ജഡേജയുടെ പന്ത് തൊടുത്തുവിട്ട അസ്ത്രം പോലെ അടിച്ചു പറത്താനായിരുന്നു മോറിസിന്റെ ശ്രമം. എന്നാല്‍ ആ ലക്ഷ്യം അപ്പാടെ പാളി. പന്ത് ചെന്നെത്തിയത് ധോണിയുടെ കൈകളിലേക്ക്. തൊട്ടുപിന്നാലെ മിന്നല്‍ വേഗത്തില്‍ ധോണി പന്തിളക്കി. തുടര്‍ന്ന് ഒരു നിമിഷത്തെ നിശബ്ദത. ധോണിക്ക് പിഴച്ചോ എന്ന് കാണികല്‍ പോലും കരുതിയ നേരം. എന്നാല്‍ മൂന്നാം അമ്പയറുടെ പരിശോധന ടിവിയില്‍ കണ്ടതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകര്‍ ഗാലറിയില്‍ ആഹ്ലദത്തിന്റെ അലയൊലികള്‍ തീര്‍ത്തു. ക്രിസ് മോറിസ് പുറത്തേക്ക്. മുമ്പും പല തവണ മിന്നല്‍ സ്റ്റംപിങിലൂടെ ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ചിട്ടുണ്ട് ധോണി.

Read more:ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് ഗിന്നസ് പക്രുവും; ആദ്യ ചിത്രം ‘ഫാന്‍സി ഡ്രസ്സ്

അതേസമയം കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തില്‍ മികച്ച വിജയമാണ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. 80 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ പരാജയം. 16.2 ഓവറില്‍ 99 റണ്‍സെടുത്ത ഡല്‍ഹി ഓള്‍ ഔട്ടായി. 8 വിക്കറ്റുകള്‍ പങ്കിട്ട സ്പിന്‍ ത്രയമാണ് ഡല്‍ഹിയെ തകര്‍ത്തത്. 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയാസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ്പ് സ്‌കോറര്‍. ജയത്തോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വീണ്ടും പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.