ശരിക്കും ഞെട്ടിക്കും ഈ ഗോറില്ലകൾ; വീഡിയോ

May 22, 2019

മനുഷ്യനെ മൃഗങ്ങളിൽ നിന്നും മാറ്റിനിർത്തുന്നത് മനുഷ്യന് ചിന്തിച്ച് പ്രവർത്തിക്കാനുള്ള കഴിവുണ്ട് എന്നതാണ്. എന്നാൽ മനുഷ്യർ ചെയ്യുന്നതുപോലൊക്കെ മൃഗങ്ങളും ചെയ്താൽ എന്തായിരിക്കും അവസ്ഥ എന്ന് ചിന്തിച്ചിട്ടുണ്ടോ..ഒന്ന് ചിന്തിച്ച് നോക്കിയേ..? സംഗതി രസമായിരിക്കും അല്ലേ.. ? എന്നാൽ ഇപ്പോഴിതാ മനുഷ്യൻ ചെയ്യുന്നതുപോലൊക്കെ ചെയ്യുന്ന ഒന്നല്ല ഒരു കൂട്ടം ഗോറില്ലകളുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

പക്ഷെ സംഗതി നടക്കുന്നത് ഇവിടൊന്നുമല്ല, അങ്ങ് സൗത്ത് കരോളിനിയിലെ ഒരു മൃഗശാലയിലാണ്. മൃഗശാലയിൽ എത്തിയ സന്ദർശകരായ ആളുകൾ ഇരിക്കുന്നതിന്  പുറത്ത് നിൽക്കുന്ന ഗോറില്ലകളുടെ രസകരമായ വിഡിയോയാണ് ഇപ്പോൾ പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നത്. അപ്രതീക്ഷിതമായി എത്തിയ മഴയെത്തുടർന്ന് മേൽക്കൂരയ്ക്കരികിലേക്ക് ഓടിക്കയറുന്നതും മനുഷ്യർ നോക്കുന്നതുപോലെ മഴ കുറഞ്ഞോയെന്ന് എത്തിനോക്കുന്നതുമായ ഗോറില്ലകളെയാണ് വീഡിയോയിൽ കാണുന്നത്. മഴ പെയ്യുന്നതിനാൽ മേൽക്കൂരയ്ക്ക് താഴെ വന്ന് മഴ നനയാതെ ഇരിക്കുന്ന ഗോറില്ലകൾ കൂടുതൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുന്നതും വീഡിയോയിൽ കാണുന്നുണ്ട്.

Read also: ഇപ്പൊ കുറച്ച് തിരക്കാണ്, പോയിട്ട് പിന്നെ വാ; വൈറലായി ചിമ്പാൻസിയുടെ വീഡിയോ 

അപ്രതീക്ഷിതമായി മഴ വന്നാൽ മനുഷ്യൻ ചെയ്യുന്നതെന്തൊക്കെയാണോ അത് തന്നെയാണ് ഈ മൃഗങ്ങളും ചെയ്യുന്നത്. നാല് വലിയ ഗോറില്ലകളും ഒരു കുഞ്ഞുമാണ് വീഡിയോയിൽ കാണുന്നത്. മൃഗശാലയിലെ ജീവനക്കാർ തന്നെയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതും. മനുഷ്യനെപ്പോലെ തന്നെ പെരുമാറുന്ന മൃഗങ്ങളെ കണ്ട് നിരവധിയാളുകളാണ് വീഡിയോയ്ക്ക് സ്നേഹ കമന്റുകളുമായി എത്തിയത്. ഇവരുടെ പെരുമാറ്റം കണ്ടാൽ നമുക്ക് തന്നെ ഇവരോട് ബഹുമാനം തോന്നുമെന്നും, അത്രയ്ക്ക് ഹൃദ്യമാണ് ഈ ഗൊറില്ലകൾ എന്നും അഭിപ്രായപെട്ട് നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. എന്തായാലും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് ഈ വീഡിയോ.