ഇവരാണ് ‘ഉയരെ’യിലെ പാര്‍വ്വതിയുടെ മുഖത്തെ ഈ മേക്ക് ഓവറിന് പിന്നില്‍

May 8, 2019

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ‘ഉയരെ’ എന്ന ചിത്രം. ചിത്രം കണ്ടിറങ്ങിയ ആര്‍ക്കും മറക്കാനാവില്ല പല്ലവി എന്ന കഥാപാത്രത്തെ. അത്രമേല്‍ ആഴത്തില്‍ പാര്‍വ്വതി അവതരിപ്പിച്ചിരിക്കുന്ന ഈ കഥാപാത്രം പ്രേക്ഷകന്റെ ഹൃദയത്തില്‍ ഇടം നേടിയിരിക്കുന്നു. ചിത്രത്തിനു വേണ്ടിയുള്ള പാര്‍വ്വതിയുടെ മേയ്ക്ക് ഓവറും ഇതിനോടകം തന്നെ ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായി. പല്ലവി എന്ന കഥാപാത്രത്തെ അതിന്റെ പൂര്‍ണ്ണതയിലെത്തിയ്ക്കാന്‍ മേയ്ക്ക്അപ്പിനു കഴിഞ്ഞു.

സുബി ജോഹലും രാജീവ് സുബ്ബയുമായ് പല്ലവിയുടെ മേയ്ക്ക്അപ്പിനു പിന്നില്‍. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ മുഖംയാഥാര്‍ത്ഥ്യമെന്ന് തോന്നും വിധം അവതരിപ്പിക്കാന്‍  ഈ ആര്‍ടിസ്റ്റുകള്‍ക്ക് കഴിഞ്ഞു എന്നു വേണം പറയാന്‍. അതുകൊണ്ടാണല്ലോ വെള്ളിത്തിരയില്‍ പല്ലവിയുടെ ആസിഡ് വീണ മുഖം കാണുമ്പോള്‍ പ്രേക്ഷകര്‍ പോലും ചെറിയൊരു നെടുവീര്‍പ്പോടെ കണ്ണൊന്ന് അടച്ചുപോകുന്നത്. മുപ്പത്തി മൂന്നോളം ബോളിവുഡ് സിനിമകളില്‍ മെയ്ക്ക്അപ്പ് ആര്‍ടിസ്റ്റുകളായി സേവനം ചെയ്തിട്ടുണ്ട് സുബി ജോഹലും രാജീവ് സുബ്ബയുയും. ഇരുവരുടെയും ആദ്യ മലയാള ചിത്രമാണ് ഉയരെ.

അഹമ്മദാബാദ് നാഷ്ണല്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഡിസൈനില്‍ നിന്നും സെറാമിക് ആന്‍ഡ് ഗ്ലാസ് ഡിസൈനില്‍ ബുരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട് ഇരുവരും. ബാംഗ്ലൂരിലെ ഡേര്‍ട്ടി ഹാന്‍ഡഡ് സ്റ്റുഡിയോയുടെ ഉടമകളാണ് ഇവര്‍.

Read more:ഈ വര്‍ഷം അവസനത്തോടെ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭ്യമാകില്ല

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ അതിജീവന കഥ പറയുന്ന ചിത്രമാണ് ഉയരെ. പാര്‍വ്വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്.  നവാഗതനായ മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് ഉയരെ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാള ചലച്ചിത്ര ലോകത്ത് ഒട്ടനവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സില്‍ നിന്നും പുറത്തുവരുന്ന പുതിയ നിര്‍മ്മാണ കമ്പനിയാണ് എസ് ക്യൂബ് ഫിലിംസ്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനായ പി വി ഗംഗാധരന്റെ മക്കളാണ് ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍. എസ് ക്യൂബ് ഫിലിംസിന്റെ ആദ്യ ചിത്രംകൂടിയാണ് ഉയരെ. കൊച്ചി, മുംബൈ, ആഗ്ര ധുലെ തുടങ്ങിയ സ്ഥലങ്ങളിലൊക്കെയായിരുന്നു ഉയരെ എന്ന സിനിമയുടെ ചിത്രീകരണം. സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.