പെയ്ന്‍റ് പണിക്കിടെ ‘പൂമുത്തോളെ…’ പാടി; കൈയടിച്ച് സോഷ്യല്‍ മീഡിയ

May 24, 2019

കലാകാരന്‍മാര്‍ക്ക് ഇന്ന് അവസരങ്ങളുടെ തുറന്ന വാതായനങ്ങള്‍ ഒരുക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും കലാകാരികളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും സോഷ്യല്‍ മീഡിയ നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. വിറകുവെട്ടുന്നതിനിടയില്‍ പാട്ടുപാടിയും അടുക്കള ജോലിക്കൊപ്പം പാട്ടുപാടിയുമെല്ലാം പലരും സാമൂഹ്യ മാധ്യമങ്ങളില്‍ താരമാകുന്നു. പന്തലു പണിക്കുവന്ന് മൈക്ക് ടെസ്റ്റിങ്ങിനിടെ പാട്ട് പാടി താരമായ അക്ഷയും നമുക്ക് പരിചിതനാണ്. പാട്ട് ഹിറ്റായതോടെ അക്ഷയ്ക്ക് സിനിമയില്‍ പോലും പാടാന്‍ അവസരം ലഭിച്ചു.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ താരമാവുകയാണ് ഒരു ഗായകന്‍. പെയ്ന്‍റ് പണിക്കിടെ ഗാനം ആലപിച്ചുകൊണ്ടാണ് ബാബുരാജ് എന്ന യുവാവ് സോഷ്യല്‍മീഡിയയുടെ കൈയടി നേടുന്നത്. അതും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പൂമുത്തോളെ… എന്നു തുടങ്ങുന്ന മനോഹരഗാനവും. ഭാവാര്‍ദ്രമായ ബാബുരാജിന്റെ ആലാപനത്തെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ ഒന്നാകെ.

പൂമുത്തോളേ….’എന്നു തുടങ്ങുന്നഗ ഗാനം ഹൃദയത്തിലേറ്റിയവരാണ് മലയാളികളില്‍ അധികവും. ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തിയ ‘ജോസഫ്’ എന്ന ചിത്രത്തിലെ ഈ ഗാനം അത്രമേല്‍ ജനപ്രിയമാണ്. ദാമ്പത്യസ്‌നേഹത്തിന്റെ ആഴവും പരപ്പുമെല്ലാം ഒളിമങ്ങാതെ തെളിഞ്ഞുനില്‍പ്പുണ്ട് ഗാനത്തില്‍ എന്നതുതന്നെയാണ് ഈ ഗാനത്തെ അത്രമേല്‍ ശ്രദ്ധേയമാക്കിയത്.

2018 നവംബറിലാണ് ജോസഫ് എന്ന ചിത്രം തീയറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയും ചിത്രം നേടിയിരുന്നു. സിനിമയില്‍ വിജയ് യോശുദാസ് ആണ് ‘പൂമുത്തോളേ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ആലാപനം. അജീഷ് ദാസന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ജോജു എത്തുന്നത്. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം.

Read more:അഷ്‌കര്‍ അലി നായകനായെത്തുന്ന ‘ജിംബൂംബാ’ തീയറ്ററുകളിലേക്ക്

‘ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഷീഹി കബീറിന്റേതാണ് തിരക്കഥ. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. മനോഹരമായൊരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ് ജോസഫ് എന്ന ചിത്രം. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം. ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.