‘തൊട്ടപ്പനി’ലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഗായകൻ പ്രദീപ് കുമാർ

May 9, 2019

ഈദിനോടനുബന്ധിച്ച് തിയേറ്ററുകളിൽ എത്തുന്ന ചിത്രമാണ് സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടിയും വിനായകനും ഒന്നിക്കുന്ന ‘തൊട്ടപ്പൻ’. കഥാപാത്രങ്ങളിലെ വ്യത്യസ്ഥതകൊണ്ടും അഭിനയത്തിലെ മികവുകൊണ്ടും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ വിനായകൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ പേര് അനൗൺസ് ചെയ്‌തതു മുതൽ ആരാധകരിൽ ആകാംഷ നിറഞ്ഞു നിൽക്കുകയാണ്. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ ഒരുങ്ങിയിരിക്കുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഗാനം. തമിഴിലെ വിഖ്യാത ഗായകൻ പ്രദീപ് കുമാർ ‘തൊട്ടപ്പ’നിലൂടെ ആദ്യമായി മലയാളത്തിൽ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

96, കാല, കബാലി, വിക്രം വേദ, മദ്രാസ്, ജിഗർതണ്ട തുടങ്ങി ഒട്ടനേകം ചിത്രങ്ങളിലൂടെ മലയാളി മനസുകൾ ഏറ്റുപാടിയ ഗായകനാണ് പ്രദീപ് കുമാർ.  സിത്താര കൃഷ്ണകുമാറും പ്രദീപ് കുമാറും ചേർന്ന് ആലപിച്ച ‘പ്രാന്തൻ കണ്ടാൽ’ എന്ന പാട്ടിന്റെ ലിറിക്‌ വീഡിയോ നാളെ ചിത്രത്തിന്റെ ഔദ്യാഗിക ഫേസ്ബുക് പേജിലൂടെയാണ്  പുറത്തുവിടുന്നത്. അൻവർ അലി രചിച്ച ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ലീല എം ഗിരീഷ് കുട്ടനാണ്..

ഷാനവാസ് ബാവക്കുട്ടിയാണ് തൊട്ടപ്പന്‍ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ലീല സന്തോഷിന്റെ കരിന്തണ്ടന് പിന്നാലെ വിനായകന്‍ വീണ്ടും നായകനാവുന്ന ചിത്രം എന്ന പ്രത്യേകതയും ‘തൊട്ടപ്പന്‍’ എന്ന സിനിമയ്ക്കുണ്ട്. പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഷാനവാസ് പുതിയ ചിത്രമൊരുക്കുന്നത്. അതേസമയം തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കിസ്മത്ത് എന്ന ചിത്രത്തിനു ശേഷം ഷാനവാസ് ബാവുക്കുട്ടി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് തൊട്ടപ്പന്‍. പിഎസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read also: 18 ഏക്കറിൽ ഒരുങ്ങുന്നത് വമ്പൻ സെറ്റ്; മാമാങ്ക’ത്തിന്റെ വിശേഷങ്ങൾ അറിയാം

അച്ഛന്‍ മകള്‍ ബന്ധത്തിന്റെ തീവ്രത പറയുന്ന ചിത്രത്തിൽ നായികയായെത്തുന്നത് പുതുമുഖ താരമായ പ്രിയംവദയാണ്. മുഴുനീള നായക വേഷത്തില്‍ വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന്‍ എത്തുന്നത്. റോഷന്‍ മാത്യു, ലാല്‍, മനോജ് കെ. ജയന്‍, രഘുനാഥ് പലേരി, സുനില്‍ സുഖദ, ബിനോയ് നമ്പാല, മനു ജോസ്, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.