അട്ടിമറിവീരന്മാരെ വീഴ്ത്തി ടോട്ടനം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

May 9, 2019

“ചാമ്പ്യന്മാരാവാൻ ടോട്ടനവും ലിവർപൂളും ഫൈനലിൽ ഏറ്റുമുട്ടും”

“ചാമ്പ്യൻസ് ലീഗ്”- പേരിനൊത്ത പ്രകടനം നടത്തുന്ന ടീമുകൾ, ഫുട്ബോൾ ലോകത്തെ അതിശയിപിക്കുന്നത് തുടർന്നുകൊണ്ടേയിരിക്കുന്നു… ഒരു ലക്ഷ്യവും ഫുട്ബോളിൽ അസാധ്യമല്ല എന്നു ടോട്ടനം തെളിയിച്ചു കഴിഞ്ഞ നിമിഷങ്ങളായിരുന്നു ഇന്നലത്തെ കളിയിൽ അരങ്ങേറിയത്..

ചാമ്പ്യൻസ് ലീഗിൽ, രണ്ടാം സെമിഫൈനലിൽ അയാക്സ് ആംസ്റ്റർഡാമിനെ മറികടന്ന് ടോട്ടനം ഫൈനലിൽ ഇടം പിടിച്ചു..ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനു തോറ്റ ടോട്ടനം, രണ്ടാം പാദ മത്സരത്തിൽ ആദ്യ പകുതി വരെ പിന്നിൽ നിന്നതിനു ശേഷം, പൊരുതി നേടിയതാണി അവിസ്മരണീയ വിജയം. അവസാന നിമിഷത്തിൽ ഹാട്രിക് നേടിയ ലൂക്കാസ് മൗറയാണ് ടോട്ടനത്തിന്റെ വിജയ ശില്പി.

ഈ സീസണിലെ അട്ടിമറികളുടെ ആചാര്യന്മാരായ അയാക്സ് ആദ്യ പകുതിയിൽ നേടിയത് രണ്ട് ഗോളുകൾ. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ഗോൾ നേടി മത്തിയാസ് ഡി ലിറ്റ് അയാക്സ്നെ മുന്നിലെത്തിക്കുകയായിരുന്നു. കളിയിൽ കൂടുതൽ സമയം ബോൾ കൈവശം വെച്ച് ടോട്ടനത്തെ ഞെട്ടിച്ചുകൊണ്ട് 35 ആം മിനിറ്റിൽ ഹക്കിം അയാക്സ്നു വേണ്ടി രണ്ടാം ഗോളും നേടി. ഇതോടെ മത്സരത്തിലേക്ക് ഒരു തിരിച്ചുവരവ്‌ ടോട്ടനത്തിനു അസാധ്യമെന്നു ആരാധകരും കരുതി.

എന്നാൽ ആദ്യ പകുതിയിൽ കണ്ട ടോട്ടനത്തെയല്ല രണ്ടാം പകുതിയിൽ കണ്ടത്. കൃത്യമായ ഗെയിം പ്ലാനിങ് നടപ്പാക്കിയ ടോട്ടനം അസാധ്യമെന്നു തോന്നിപ്പിച്ച ലക്ഷ്യം മറികടന്നു.
എതിരാളികളുടെ മൈതാനത്തു നിറഞ്ഞു നിന്ന കാണികളെ സാക്ഷി നിറുത്തി ടോട്ടനം 55-ആം മിനിറ്റിൽ ആദ്യ ഗോൾ നേടി. പിന്നീട് കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ടോട്ടനം അഞ്ചു മിനിറ്റിനുള്ളിൽ അയാക്സ്ന്റെ വല വീണ്ടും കുലുക്കി. രണ്ടു ഗോളുകളും നേടിയ ലൂക്കാസ് ടോട്ടനത്തിനു അമാനുഷിക ശക്തി പകർന്നുകൊടുത്തു. ആവേശം അതിരു കടന്ന മത്സരത്തിൽ, എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റിലാണ് ലുക്കാസിലൂടെ ടോട്ടനം വിജയഗോൾ നേടിയത്.

ഇരു പാദങ്ങളിലുമായി രണ്ടു ടീമുകളും മൂന്ന് ഗോൾ വീതം നേടി, സമനിലയിൽ പിരിഞ്ഞെങ്കിലും ഏവേ ഗോളിന്റെ ആനുകൂല്യത്തിൽ ടോട്ടനം ഫൈനൽ പ്രവശനം സ്വന്തമാക്കി. കളിയുടെ രണ്ടാം പകുതിൽ ഒരു കൂട്ടം അമാനുഷിക ശക്തിയുള്ള സൂപ്പർ ഹീറോകളുടെ ടീമായി മാറിയ ടോട്ടനം, അയാക്സ് എന്ന ശക്തനായ എതിരാളിയുടെ കഥ കഴിച്ചു. അതിനു അവർക്കു കൂട്ടായി നിന്നത് മാന്ത്രിക ശക്തിയുള്ള ലുക്കാസിന്റെ കാലുകൾ…

അടുത്ത മാസം രണ്ടാം തിയതി നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ടോട്ടനം, ലിവർപൂളിനെ നേരിടും.