ഇത് ബെൻസേമയുടെ ആറാട്ട്; മെസ്സിയെയും സംഘത്തെയും തിരിച്ചയച്ച് റയൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലേക്ക്

March 10, 2022

കരീം ബെൻസേമയുടെ ഹാട്രിക്ക് തുളഞ്ഞു കയറിയത് പിഎസ്ജിയുടെ നെഞ്ചിലേക്കായിരുന്നു. ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ കുറഞ്ഞതൊന്നും മതിയാവില്ല എന്ന പ്രഖ്യാപനവുമായി മത്സരത്തിനെത്തിയ മെസ്സിയെയും സംഘത്തെയും സ്വന്തം തട്ടകത്തിൽ തകർത്തെറിഞ്ഞാണ് റയൽ മാഡ്രിഡ് ക്വാർട്ടറിലേക്ക് പ്രവേശിച്ചത്.

ഒന്നാം പാദ മത്സരത്തിൽ 1-0 എന്ന നിലയിൽ നേടിയ വിജയം നൽകിയ ആത്മവിശ്വാസവുമായാണ് പിഎസ്‌ജി മാഡ്രിഡിലെത്തിയത്. തുടക്കത്തിൽ ഒരു ഗോളിന് മുൻപിൽ നിന്ന ശേഷമാണ് പിഎസ്‌ജി അടിയറവ് പറഞ്ഞത്. 34-ാം മിനുട്ടിൽ എംബാപ്പെ പന്ത് വലയിൽ എത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചു. പിന്നാലെ 39-ാം മിനുട്ടിൽ എംബാപ്പെ വീണ്ടും വല കുലുക്കി. നെയ്മറിന്റെ പാസ് സ്വീകരിച്ചായിരുന്നു എംബാപ്പെയുടെ ഗോൾ.

കളിയുടെ രണ്ടാം പകുതിയിലാണ് റയലിന്റെ വിശ്വരൂപം പുറത്തു വന്നത്. 60-ാം മിനുട്ടിൽ ബെൻസേമ വലകുലുക്കി. അതോടെ കളിയിലെ സ്കോർ സമനിലയിലായെങ്കിലും അഗ്രിഗേറ്റ് സ്‌കോറിൽ പിഎസ്‌ജി തന്നെയായിരുന്നു മുൻപിൽ. പിന്നെയങ്ങോട്ട് പൂർണമായും ബെൻസേമയുടെ വൺ മാൻ ഷോ ആയിരുന്നു മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ അരങ്ങേറിയത്. 76-ാം മിനുട്ടിൽ ഫ്രഞ്ച് താരത്തിന്റെ ബൂട്ടിൽ നിന്ന് പിന്നെയും ഗോൾ പിറന്നു. ഇത്തവണ ക്രൊയേഷ്യൻ സൂപ്പർതാരം ലൂക്ക മോഡ്രിചിന്റെ അസിസ്റ്റിലൂടെയാണ് ബെൻസേമ സ്കോർ ചെയ്തത്. അതോടെ കളിയിൽ റയൽ ലീഡ് ചെയ്യുകയും അഗ്രിഗേറ്റ് സ്കോർ സമനിലയിലാവുകയുംചെയ്തു.

അപ്പോഴും പിഎസ്‌ജിക്ക് പ്രതീക്ഷകൾ ബാക്കിയായിരുന്നു. പക്ഷെ സെക്കന്റുകൾക്കകം തന്റെ ഹാട്രിക്ക് പൂർത്തിയാക്കി കരീം ബെൻസേമ പിഎസ്‌ജിയുടെ പെട്ടിയിലെ അവസാന ആണിയും അടിച്ചു. മത്സരത്തിലെ സ്കോർ 3-1. അഗ്രിഗേറ്റ് സ്കോറിൽ 3-2 ന് മുന്നിലെത്തി റയൽ ക്വാർട്ടറിലേക്ക് പ്രവേശിച്ചു.

Read More: ചിരി താരങ്ങൾ അണിനിരന്ന സ്റ്റാർ വാക്ക്, ഒപ്പം ലക്ഷ്മി നക്ഷത്രയും- വേറിട്ടൊരു റാംപ് വാക്ക്

ഇതിഹാസ താരമായ ലയണൽ മെസ്സിയും ലോകത്തെ തന്നെ ഏറ്റവും മികച്ച താരങ്ങളായ നെയ്മറും കിലിയൻ എംബപ്പെയും ഉണ്ടായിട്ടും ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ കാണാതെ പുറത്താകേണ്ടി വന്നതിൽ കടുത്ത നിരാശയിലാണ് ഫ്രഞ്ച് ചാമ്പ്യൻസ് കൂടിയായ പിഎസ്‌ജി ടീമും ആരാധകരും.

Story Highlights: Benzema ends psg’s champions league hopes