ലെവൻഡോസ്‌കിയുടെ തോളിലേറി ബയേൺ മുന്നോട്ട്; വമ്പൻ വിജയവുമായി ജർമൻ രാജാക്കന്മാർ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

March 9, 2022

സൂപ്പർതാരം റോബർട്ട് ലെവെൻഡോസ്‌കിയുടെ ഹാട്രിക്കിലൂടെ ചാമ്പ്യൻസ് ലീഗിൽ സാൽസ് ബർഗിനെതിരെ 7-1 ന്‍റെ വമ്പൻ ജയവുമായി ബയേൺ മ്യൂണിച്ച് ക്വാർട്ടറിൽ കടന്നു. മത്സരം തുടങ്ങി ഇരുപത്തിമൂന്നാം മിനുട്ടിലാണ് റോബർട്ട് ലെവെൻഡോസ്‌കി ഹാട്രിക്ക് നേടിയത്. രണ്ട് പെനാൽറ്റി അടക്കമുള്ളതായിരുന്നു ലെവെൻഡോസ്‌കിയുടെ ഹാട്രിക്. തോമസ് മുള്ളർ ഇരട്ടഗോളും നേടി. എഴുപതാം മിനിട്ടിൽ സെഗാർഡാണ് സാൽസ് ബർഗിന്‍റെ ആശ്വാസ ഗോൾ നേടിയത്.

നേരത്തെയും പല തവണ ടീമിന്റെ രക്ഷകനായി ലെവൻഡോസ്‌കി അവതരിച്ചിട്ടുണ്ട്. കഴിഞ്ഞ 2 വർഷമായി സമാനതകളില്ലാത്ത പ്രകടനവുമായി ലെവൻഡോസ്‌കി തന്നെയായിരുന്നു ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ. ബയേൺ മ്യൂണിക്കിനായും പോളണ്ട് ദേശീയ ടീമിനായും 2021-ൽ മാത്രം 69 ഗോളുകളാണ് അദ്ദേഹം നേടിയത്. ജർമൻ ബുണ്ടസ്‌ലീഗിൽ ഒരു വര്ഷം 41 ഗോളുകൾ നേടി ഇതിഹാസ കളിക്കാരനായ ജെർഡ് മുള്ളറുടെ റെക്കോർഡും കഴിഞ്ഞ സീസണിൽ ലെവൻഡോസ്‌കി തകർത്തിരുന്നു.

അതോടൊപ്പം തന്നെ ജനുവരിയിൽ ഫിഫ ദ് ബെസ്ഡ് 2021 പ്ലെയറായും ലെവൻഡോസ്‌കി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലയണൽ മെസ്സിയെക്കാൾ ഇരട്ടിയിലധികം വോട്ട് നേടിയാണ് പോളണ്ടുകാരനായ ലെവെൻഡോസ്‌കി തുടർച്ചയായ രണ്ടാം വർഷവും അവാർഡിനർഹനായത്. 2 അവാർഡുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരം.

Read More: അരുൺ കരുണാകരന്റെ അന്വേഷണം തുടങ്ങുന്നു… സല്യൂട്ട് ട്രെയ്‌ലർ പുറത്ത്

അതേ സമയം ചാമ്പ്യൻസ് ലീഗിൽ മറ്റൊരു മത്സരത്തിൽ ലിവർപൂളിനെ ഇന്‍റര്‍മിലാൻ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. തോറ്റെങ്കിലും ഗോൾ ശരാശരിയുടെ കരുത്തിൽ ലിവർപൂൾ ക്വാർട്ടറിലെത്തി. ലൗതാരോ മാർട്ടിനെസാണ് ഇന്‍റര്‍മിലാന്‍റെ ഗോൾ നേടിയത്.

Story Highlights: Bayern Munich into champions league quarter