ഓട്ടോ ഓടിച്ച് വിവാഹ പന്തലിലേക്ക് നവവധു; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
വിവാഹ പന്തലിലേക്കുള്ള നവവധുവിന്റെ മാസ് എൻട്രിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. വിവാഹം ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്നതുകൊണ്ടാവാം അത് ഏറ്റവും മനോഹരമാക്കാൻ വ്യത്യസ്ഥത തേടി ആളുകൾ പോകുന്നത്. സേവ് ദി ഡേറ്റ് വീഡിയോ ഏറ്റവും വ്യത്യസ്തമാകുന്നതാണ് ഇപ്പോൾ ട്രെൻഡിങ്ങിൽ നിൽക്കുന്ന പരുപാടി. എന്നാൽ ഇവിടിതാ പുതിയ സ്റ്റൈലിൽ എത്തിയ നവവധുവാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
കല്യാണ സാരിയുടുത്ത്, മുല്ലപ്പൂവും ചൂടി, ആഭരണങ്ങൾ അണിഞ്ഞ് അതീവ സുന്ദരിയായാണ് നവവധു വിവാഹ പന്തലിലേക്ക് എത്തിയത്. മഹിമ എന്ന പെൺകുട്ടിയാണ് ബലൂണുകളാൽ അലങ്കരിച്ച ഓട്ടോയിൽ വിവാഹപ്പന്തലിലേക്ക് എത്തിയത്. ഉഴവൂർ ടൗണിൽ ഓട്ടോ ഡ്രൈവറാണ് മഹിമയുടെ പിതാവ് മോഹനൻ. അച്ഛൻ ചെറുപ്പത്തിൽ തന്നെ മകളെയും ഓട്ടോയുടെ വലയം പിടിക്കാൻ പഠിപ്പിച്ചിരുന്നു. ബി എഡ് ബിരുദധാരിയായ മഹിമ എംസാമിം കിട്ടുമ്പോഴൊക്കെ ഓട്ടോ ഓടിക്കാറുണ്ട്. വിവാഹ നിശ്ചയത്തിലും മഹിമ ഓട്ടോ ഓടിച്ചാണ് എത്തിയത്.
വിവാഹത്തിന് ആഡംബര വാഹനങ്ങളും മറ്റും ഉപയോഗിക്കുന്നവരോട് യാത്ര ഏറ്റവും സുഖകരമുള്ള വാഹനം പാവപ്പെട്ടവന്റെ ഓട്ടോ ആണ് എന്നാണ് മോഹനൻ പറയുന്നത്. എന്നാൽ ഓട്ടോ ഡ്രൈവറായ അച്ഛന് കൊടുക്കുന്ന ദക്ഷിണയാണ് ഇതെന്നാണ് മഹിമ പറയുന്നത്.
ഉഴവൂര്‍ പെരുന്താനത്ത് മാമലയില്‍ മോഹനന് നായരുടെയും ലീലാമണിയുടെയും മകളാണ് മഹിമ. പട്ടാമ്പി കൊപ്പം പ്രേംനിവാസില്‍ രാജഗോപാലന്റെയും പുഷ്പയുടെയും മകന് സൂരജായിരുന്നു വരന്. കുറിച്ചിത്താനം പൂത്തൃക്കോവില് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. അതേസമയം വിവാഹത്തിൽ പങ്കെടുക്കാൻ ഉഴവൂര്‍, മരങ്ങാട്ടുപിള്ളി, പൂവത്തുങ്കല്‍ സ്റ്റാന്‍ഡുകളില്‍ നിന്നായി ധാരാളം ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ സ്വന്തം ഓട്ടോറിക്ഷയുമായി വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി.