ജങ്ക് ഫുഡ് സ്ഥിരമായി കഴിക്കുന്നവർ അറിയാൻ

June 25, 2019

കഴിക്കാൻ രുചിയുള്ള ഭക്ഷണം തേടിപോകുന്നവരാണ് നമ്മളിൽ പലരും. വായ്ക്ക് രുചി തോന്നാൻ നിരവധി രാസവസ്തുക്കളാണ് മിക്ക ഭക്ഷണ പദാര്ഥങ്ങളിലും ചേർക്കാറുള്ളത്. എന്നാൽ ആഗ്രഹിക്കുന്ന ഭക്ഷണങ്ങൾ നമുക്ക് മുന്നിൽ നിമിഷങ്ങൾക്കുള്ളിൽ എത്താൻ തുടങ്ങിയതോടെ ജങ്ക് ഫുഡ് ശീലമാക്കുന്നവരുടെ എണ്ണവും വർധിച്ചു. ജങ്ക് ഫുഡ് ശീലമാക്കുന്നവർ വളരെയധികം ശ്രദ്ധിക്കണം.. കാരണം ഇതിന്റെ അഡിക്ഷൻ സ്വഭാവം തന്നെയാണ്. മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ജങ്ക് ഫുഡിന്റെ അഡിക്ഷൻ സ്വഭാവം പുകവലിക്കും മയക്കുമരുന്നിനും തുല്യമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ജങ്ക് ഫുഡ് ശീലമാക്കുന്നത് പുകവലിയേക്കാൾ മാരകമാണെന്നും പഠനങ്ങൾ കണ്ടെത്തിക്കഴിഞ്ഞു.

അമേരിക്കയിലെ മിഷിഗൺ സർവ്വകലാശാലയിൽ ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തിലാണ് ജങ്ക് ഫുഡില്‍ നിന്നുള്ള മോചനം അത്ര എളുപ്പമല്ലെന്ന് വ്യക്തമാക്കുന്നത്. മയക്കുമരുന്ന്, പുകവലി എന്നീ ദുശ്ശീലങ്ങളില്‍ അടിമപ്പെട്ടവര്‍ പെട്ടന്നൊരു ദിവസം ഇത് നിര്‍ത്തിയാലുണ്ടാകുന്ന മാനസിക, ശാരീരിക സമ്മര്‍ദ്ദത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഇതുപോലെ തന്നെയാണ് ജങ്ക് ഫുഡിന്റെ കാര്യത്തിലും സംഭവിക്കുന്നതെന്ന് പഠനം പറയുന്നു. ബര്‍ഗര്‍, പിസ്സ, തുടങ്ങിയ ഫുഡുകളൊക്കെ കഴിക്കുന്നവര്‍ പെട്ടന്നൊരു ദിവസം ഇത് നിര്‍ത്തിയാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും ശാരീരിക അസ്വസ്ഥതകളും ഉണ്ടാക്കുമെന്ന് പഠനം പറയുന്നു. പഠനത്തിൽ തെളിഞ്ഞത് പ്രകാരം ഇത്തരത്തിലുള്ള ഫുഡ് ശീലമാക്കിയവർ പെട്ടന്നത് നിർത്തിയപ്പോൾ ശക്തമായ തലവേദന, മാനസീക ശാരീരിക അസ്വസ്തതകൾ ഉണ്ടായതായും പഠനത്തിൽ കണ്ടെത്തി.

അതുകൊണ്ടു തന്നെ ഇത്തരം ഭക്ഷണം ശീലമാക്കിയവർ സാവധാനം ജങ്ക് ഫുഡുകൾ ഒഴിവാക്കുക. കൂടുതലും വീടുകളിൽ തയാറാക്കിയതോ രാസപദാർത്ഥങ്ങൾ ചേർക്കാത്തതോ ആയ ഭക്ഷണങ്ങൾ ശീലമാക്കുക. കൂടുതലായും ജങ്ക് ഫുഡ് കഴിക്കുന്നത് ഒരു പരിധിവരെ ക്യാൻസറിന് കാരണമാകുന്നതായും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്