വാർത്തകളിലെ വ്യാജമ്നാരെ കണ്ടെത്തേണ്ടതിങ്ങനെ…

June 3, 2019

പകർച്ച വ്യാധികളെക്കാൾ അപകടകാരികളാണ് ചില വ്യാജ വാർത്തകളും. വിവാഹം മുതൽ വിവാഹ മോചനം വരെ, ജനനം മുതൽ മരണം വരെ തുടങ്ങി തൊടുന്നതിനും പിടിക്കുന്നതിനുമൊക്കെ വ്യാജന്മാർ ഇറങ്ങുന്ന കാലമാണിത്. പ്രത്യേകിച്ച് ചില വ്യാജ ഡോക്ടർമാരെയും സമൂഹ മാധ്യമങ്ങളിലൂടെ കാണാം. സൗന്ദര്യം വർധിക്കാൻ,  മുടി വളരാന്‍, മുഖക്കുരു മാറാന്‍,  തുടങ്ങി ക്യാൻസർ , ഷുഗർ തുടങ്ങി നിരവധി രോഗങ്ങൾക്ക് പരിഹാരം എന്ന തരത്തില്‍ വ്യത്യസ്ത  മരുന്നുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്.

ഇത്തരത്തിലുള്ള വ്യാജ വാർത്തകളെ വിശ്വസിച്ച് മരുന്ന് വാങ്ങാൻ എത്തി കബളിപ്പിക്കപ്പെടുന്നവരും നിരവധിയാണ്. അതുകൊണ്ട്തന്നെ ഇത്തരത്തിൽ വ്യജവാർത്തകളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വ്യാജ വാര്‍ത്തകളെ തിരിച്ചറിയാന്‍ സാധിക്കുന്ന  മാര്‍ഗമാണ് മറ്റ് മാധ്യമങ്ങളെ ആശ്രയിക്കുക എന്നത്. ഒരു വാര്‍ത്ത ലഭിക്കുമ്പോള്‍ അതേ വാര്‍ത്ത മറ്റ് മാധ്യമങ്ങളിലും വന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ഇതേ വാര്‍ത്ത നല്ല രീതിയില്‍ പ്രചാരത്തിലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നും നോക്കണം. വാര്‍ത്തയുടെ തലക്കെട്ടിനൊപ്പം പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വ്യാജവാര്‍ത്തകളുടെ ചിത്രങ്ങളില്‍ പലതും ഫോട്ടോഷോപ്പ് ചെയ്തവയായിരിക്കും. വ്യാജവാര്‍ത്തകള്‍ക്കൊപ്പം പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളില്‍ പലതും യഥാര്‍ത്ഥമായിരിക്കണമെന്നില്ല. അതുപോലെ ഇത്തരം വ്യാജവാർത്തകളിൽ കൂടുതൽ അക്ഷരത്തെറ്റുകൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതായും കാണാറുണ്ട്.