കണ്ണൂരിനൊപ്പം കൈകോർത്ത് കുരുന്നുകളും; വീഡിയോ പങ്കുവെച്ച് ഗായിക സയനോര

August 11, 2019

കേരളം മുഴുവൻ മഴക്കെടുതിയിൽൽ അകപ്പെട്ടിരിക്കുകയാണ്.  സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ദുരിതത്തിൽ അകപെട്ടവർക്ക് സഹായ ഹസ്തവുമായി നിരവധി ആളുകൾ എത്തുമ്പോൾ ലോകത്തിന് മുഴുവൻ മാതൃകയാകുകയാണ് ഒരു കൂട്ടം കുരുന്നുകൾ. കണ്ണൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ആറു കുട്ടികളുടെ സംഘം അവർ ശേഖരിച്ച വെള്ളവും ബിസ്കറ്റുകളുമായി എത്തിയത്.

ഗായിക സയനോരയുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാമ്പിന് നേതൃത്വം വഹിക്കുന്നത്. സയനോര തന്നെയാണ് ഈ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. തങ്ങളെകൊണ്ട് കഴിയും വിധത്തിലുള്ള സാധനങ്ങൾ ശേഖരിച്ച് ക്യാമ്പിലെത്തിയ ഈ കുഞ്ഞുങ്ങൾ ലോകത്തിന് മുഴുവൻ മാതൃകയായിരിക്കുകയാണ്.

അതേസമയം നിരവധി ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോഴും ആവശ്യത്തിനുള്ള സാധനങ്ങൾ എത്തിയിട്ടില്ല. സംസ്ഥാനത്ത് ഒട്ടാകെ 1526 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. രണ്ട് ലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.