“ബിഗില്‍ എല്ലാ സ്ത്രീകളും കണ്ടിരിക്കേണ്ട ചിത്രം”: അനു സിത്താര

October 29, 2019

തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന വിജയ് ചിത്രം ബിഗിലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തുള്ള നിരവധി പേരും രംഗത്തെത്തി. മലയാളികളുടെ പ്രിയതാരം അനു സിത്താരയും ചിത്രത്തെ പ്രശംസിച്ചു. എല്ലാ സ്ത്രീകളും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ് ബിഗില്‍ എന്ന് അനു സിത്താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എല്ലാ സ്ത്രീകള്‍ക്കുമായാണ് ചിത്രം സമര്‍പ്പിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെ വിജയ് യുടെയും നയന്‍ താരയുടെയും അഭിനയത്തെയും അനു സിത്താര പ്രശംസിച്ചു

ആക്ഷനും സസ്‌പെന്‍സും പ്രണയവും കാല്‍പന്തുകളിയുടെ ആവേശവുമെല്ലാം നിറച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നയന്‍ താരയാണ് ചിത്രത്തിലെ നായിക. അറ്റ്‌ലിയാണ് ചിത്രത്തിന്റെ സംവിധാനം. ഈ മാസം 25 മുതലാണ് ബിഗില്‍ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more:മോഹന്‍ലാലും തിലകനും സുരേഷ് ഗോപിയും…കൈയടിക്കാതിരിക്കാനാവില്ല ഈ അനുകരണത്തിന് മുമ്പില്‍: വീഡിയോ

‘തെറി’, ‘മെര്‍സല്‍’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലി വിജയ് ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബിഗില്‍ എന്ന സിനിമയ്ക്കുണ്ട്. തികച്ചും വിത്യസ്തങ്ങളായ രണ്ട് ഗെറ്റപ്പുകളിലാണ് വിജയ് ചിത്രത്തിലെത്തുന്നത്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഗാനങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്.