ആലാപനം ഹരിശങ്കര്‍, നിറസാന്നിധ്യമായി സുരാജ്; കൈയടി നേടി ‘വികൃതി’യിലെ ഗാനം

October 6, 2019

ചിലരങ്ങനാണ്, എന്തു ചെയ്താലും അതെപ്പോഴും ഹിറ്റ്. ഹരിശങ്കറിന്റെ കാര്യവും അങ്ങനെ തന്നെ. കക്ഷി ഏത് പാട്ട് പാടിയാലും സൂപ്പര്‍ ഹിറ്റ്. പാട്ടില്‍ ഒരുതരം മാന്ത്രികത കൊണ്ടുവരാന്‍ ഈ ഗായകന് കഴിയുന്നു. അതുകൊണ്ടാണല്ലോ ഹരിശങ്കറിന്റെ പാട്ടുകള്‍ ആസ്വാദകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതും. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഗായകന്‍ കെ എസ് ഹരിശങ്കര്‍ ആലപിച്ച പുതിയൊരു ഗാനം. വികൃതി എന്ന ചിത്രത്തില്‍ ഹരിശങ്കര്‍ ആലപിച്ച ‘ചില്ലയിലേ…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ഗാനരംഗത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് നിറസാന്നിധ്യം. ഗാനം ഇതിനോടകംതന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

സന്തോഷ് വര്‍മ്മയുടേതാണ് ഗാനത്തിന്റെ വരികള്‍. ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. സൗബിന്‍ സാഹിര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് വികൃതി. നവാഗതനായ എം സി ജോസഫാണ് വികൃതി എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും.

Read more:വിമാനത്തില്‍ നിന്നും താഴേയ്ക്ക് വീണ ഐഫോണ്‍ തിരികെ കിട്ടിയത് ഒരു വര്‍ഷം കഴിഞ്ഞ്; വീഴ്ചയുടെ ദൃശ്യങ്ങള്‍ ഫോണില്‍: വീഡിയോ

കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ അങ്കമാലി സ്വദേശി എല്‍ദോ എന്ന വ്യക്തിയുടെ ജീവിതമാണ് വികൃതി എന്ന ചിത്രം പറയുന്നത്. ശാരീരിക പരിമിധികളുള്ള എല്‍ദോ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരില്‍ ദൃശ്യങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നും തിരികെ വരുമ്പോഴാണ് എല്‍ദോ മെട്രോയില്‍ കിടന്ന് അവശനായി ഉറങ്ങിപോയത്. വികൃതി എന്ന ചിത്രത്തിലൂടെ ഈ സംഭവത്തെ വെള്ളിത്തിരയില്‍ എത്തിക്കുകയാണ് സംവിധായകന്‍.

ചിത്രത്തില്‍ എല്‍ദോയായി വേഷമിടുന്നത് സുരാജ് വെഞ്ഞാറമൂടാണ്. സംസാര ശേഷിയും കേള്‍വി ശക്തിയും നഷ്ടപ്പെട്ട യുവാവായാണ് ചിത്രത്തില്‍ സുരാജ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം മെട്രോയില്‍ അവശനായി കിടന്ന യുവാവിന്റെ ചിത്രങ്ങള്‍ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വ്യക്തിയായാണ് സൗബിന്‍ എത്തുന്നത്. സമീര്‍ എന്നാണ് ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ബാബുരാജ്, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുരഭി ലക്ഷ്മി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പുതുമുഖ താരമായ വിന്‍സിയാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. കട്ട് 2 ക്രിയേറ്റീവ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.