വിമാനത്തില്‍ നിന്നും താഴേയ്ക്ക് വീണ ഐഫോണ്‍ തിരികെ കിട്ടിയത് ഒരു വര്‍ഷം കഴിഞ്ഞ്; വീഴ്ചയുടെ ദൃശ്യങ്ങള്‍ ഫോണില്‍: വീഡിയോ

October 6, 2019

പ്രിയപ്പെട്ട ചില വസ്തുക്കള്‍ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകാറുള്ള വിഷമം ചെറുതൊന്നുമല്ല. അപ്രതീക്ഷിതമായി നഷ്ടപ്പെട്ട വസ്തു തിരികെ കിട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തെക്കുറിച്ച് വര്‍ണ്ണിക്കാന്‍ വാക്കുകളുമില്ല. അത്തരമൊരു നഷ്ടപ്പെടലിന്റെയും തിരികെ കിട്ടലിന്റെയും കഥയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഒരു ഐഫോണ്‍ 6 എസ് പ്ലസ്സാണ് ഈ സംഭവകഥയിലെ നായകന്‍. ഇനി സംഭവത്തെക്കുറിച്ച്, 2018 ഓഗസ്റ്റ് നാലിന് ഫോട്ടോഗ്രാഫറായ ഹൗകുര്‍ സോണോറാസണ്‍ തെക്കന്‍ ഐസ്ലന്‍ഡിലെ സ്‌കാഫ്റ്റാ എന്ന നദിക്ക് മുകളിലൂടെ ഒരു ചെറു വിമാനത്തില്‍ പറക്കുകയായിരുന്നു. വെള്ളപ്പൊക്കത്തിന്റെ ചില ചിത്രങ്ങള്‍ തന്റെ കാമറയില്‍ പകര്‍ത്തുക എന്നതായിരുന്നു ഹൗകുര്‍ സോണോറാസണിന്റെ ലക്ഷ്യം. ചിത്രങ്ങള്‍ പകര്‍ത്തുന്നതോടൊപ്പം തന്റെ പ്രിയപ്പെട്ട ഐഫോണില്‍ ആ യാത്രയുടെ ചെറു വീഡിയോ പകര്‍ത്താന്‍ ഹൗകുര്‍ സോണോറാസണ്‍ തീരുമാനിച്ചു. എന്നാല്‍ ഫോണില്‍ വീഡിയോ പകര്‍ത്തുന്നതിനിടെ അപ്രതീക്ഷിതമായി വന്ന കാറ്റില്‍ ആ ഐഫോണ്‍ താഴേയ്ക്ക് പതിച്ചു.

നിറഞ്ഞൊഴുകുന്ന നദിയും കൂറ്റന്‍ പാറക്കെട്ടുമുള്ള സ്ഥലത്തേയ്ക്ക് പതിച്ച തന്റെ ഫോണ്‍ പൂര്‍ണ്ണമായും തകര്‍ന്ന് പോയിരിക്കുമെന്ന് ഹൗകുര്‍ സോണോറാസണ്‍ കരുതി. എന്നാല്‍ തന്റെ ഫോണ്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് ആ പ്രദേശത്തുള്ള ഒരു കര്‍ഷകനോട് അദ്ദേഹം പറഞ്ഞു. ഫോണ്‍ കിട്ടുകയാണെങ്കില്‍ ഭദ്രമായി എടുത്തുവയ്ക്കണമെന്നും കര്‍ഷകനെ ഓര്‍മ്മപ്പെടുത്തി. നാളുകള്‍ ഏറെ കഴിഞ്ഞിട്ടും കര്‍ഷകന് ഫോണ്‍ ലഭിച്ചില്ല എന്നറിഞ്ഞ ഹൗകുര്‍ സോണോറാസണ്‍ ഫോണിനെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു.Read more:‘ചൊവ്വ കുലുങ്ങി’; ഭൂമിയില്‍ ഇതുവരെ ആരും കേള്‍ക്കാത്ത ആ ശബ്ദം പങ്കുവച്ച് നാസ: വീഡിയോ

എന്നാല്‍ ഫോണ്‍ നഷ്ടപ്പെട്ട് 13 മാസങ്ങള്‍ക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ 2019 സെപ്റ്റംബര്‍ 13 ന് ഹൗകുര്‍ സോണോറാസണിനെ തേടി ഒരു ഫോണ്‍കോള്‍ എത്തി. സ്‌കാഫ്റ്റാ നദിയില്‍ ഹൈക്കിങ് നടത്തുന്നതിനിടെ ഒരുകൂട്ടം ആളുകളുടെ ശ്രദ്ധയില്‍പെട്ടു ഐഫോണ്‍. ഫോണ്‍ കംപ്യൂട്ടറുമായി കണക്ട് ചെയ്തപ്പോള്‍ ഹൗകുര്‍സ് ഐഫോണ്‍ എന്ന് തെളിഞ്ഞുവന്നതിനെ തുടര്‍ന്നാണ് അവര്‍ ഹൗകുറിനെ ഫോണില്‍ വിളിച്ചത്. അങ്ങനെ ഹൗകുര്‍ സോണോറാസണിന് ആ ഐഫോണ്‍ തിരികെകിട്ടി.

വിമാനത്തില്‍ നിന്നും താഴേയ്ക്ക് വീണ ഐഫോണ്‍ കട്ടികൂടിയ ഒരുതരം പായലിലാണ് ചെന്ന് പതിച്ചത്. അതുകൊണ്ടുതന്നെ ഫോണിന് കാര്യമായ കേടുപാടുകളൊന്നും ഉണ്ടായില്ല. അതുമാത്രമല്ല ഫോണ്‍ താഴേയ്ക്ക് വീഴുന്നതിന്റെ വീഡിയോയും ഫോണില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. എന്തായാലും സാമൂഹ്യമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ഈ ഐഫോണ്‍.