പറന്നിറങ്ങുന്ന വിമാനത്തിന് തൊട്ടരികെ മിന്നല്‍; ആ ഭയാനക ചിത്രം പങ്കുവെച്ച് പൈലറ്റ്

November 25, 2019

ഇടിമിന്നല്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു ഭയമാണ് പലരുടെയും ഉള്ളില്‍. പലപ്പോഴും ഇടിമിന്നല്‍ വലിയ ദുരന്തങ്ങള്‍ വരുത്തിവയ്ക്കാറുമുണ്ട്. ഭയാനകമായ ഒരു ഇടിമിന്നലിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. പറന്നിറങ്ങുന്ന ഒരു വിമാനത്തിന് തൊട്ടരികിലാണ് ഈ മിന്നല്‍.

ന്യൂസിലന്‍ഡിലാണ് സംഭവം. നവംബര്‍ 20 ന് നടന്ന സംഭവത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എയര്‍ബസ് എ 380 എന്ന വിമാനത്തിന്റെ തൊട്ടരികിലാണ് ഇടിമിന്നലേറ്റത്. എയര്‍പോര്‍ട്ടിലുണ്ടായിരുന്ന പൈലറ്റാണ് ചിത്രം പകര്‍ത്തിയത്.

അതേസമയം മിന്നലേറ്റതിനെ തുടര്‍ന്ന് ഫ്‌ളൈറ്റില്‍ നിന്നും യാത്രക്കാരെ ഇറക്കിയത് വൈകിയാണ്. യാത്രക്കാര്‍ എല്ലാം സുരക്ഷിതമാണ്.

ഇടിമിന്നലുള്ളപ്പോള്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

*ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
*മഴക്കാര്‍ കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ പോകരുത്
*ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കാന്‍ ശ്രദ്ധിക്കുക
ജനലും വാതിലും അടച്ചിടുക
*ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക
*ഫോണ്‍ ഉപയോഗിക്കരുത്.
*ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
*കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.
*ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്
*വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്
*വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.
*ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.