നായകനായി സിജു വില്‍സണ്‍; ‘വരയന്‍’ ഒരുങ്ങുന്നു

December 13, 2019

മലയാളികളുടെ പ്രിയതാരം സിജു വില്‍സണ്‍ പ്രധാന കഥാപാത്രമായി പുതിയ ചിത്രമൊരുങ്ങുന്നു. ‘വരയന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ ജിജോ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പൂജ കൊച്ചി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചു നടന്നു. പ്രേമചന്ദ്രന്‍ എ ജിയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വ്വഹിക്കുന്നത്.

‘മാര്‍ക്കോണി മത്തായി’ എന്ന സിനിമയ്ക്ക് ശേഷം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘വരയന്‍’. അഞ്ചുമന ക്ഷേത്രത്തില്‍വെച്ച് നടന്ന ചിത്രത്തിന്റെ പൂജയില്‍ ഡയറക്ടര്‍ ജിജോ ജോസഫ്, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ലിയോണ ലിഷോയ്, സഞ്ജു ശിവറാം, പ്രൊഡ്യൂസര്‍ പ്രേമചന്ദ്രന്‍ എ ജി തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് ഡാനി കപ്പൂച്ചിന്‍ ആണ്. ‘വരയന്‍’ എന്ന പേരില്‍ തന്നെ പുതുമ തീര്‍ക്കുന്നുണ്ട് ചിത്രം. അതേസമയം ‘വരയന്‍’ ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആണെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. ചിത്രത്തില്‍ സിജു വില്‍സണ്‍, ലിയോണ ലിഷോയ് എന്നിവര്‍ക്കൊപ്പം മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി തുടങ്ങി തിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.