കൊറോണ വൈറസ്; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

January 25, 2020
Covid cases reported in Kerala

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തികൊണ്ട് കൊറോണ വൈറസ് പടരുകയാണ്. മൃഗങ്ങളിൽ മാത്രം കണ്ടുകൊണ്ടിരുന്ന വൈറസ് മനുഷ്യരിലേക്കും പടർന്നുകഴിഞ്ഞു. ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. 830 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ചൈനയിലെ വിവിധ നഗരങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചൈനയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം കൊറോണ വൈറസ് ഭീതിയെ തുടർന്ന് ചൈനയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഇന്ത്യൻ എംബസി ഇടപെട്ടു. അവിടുത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾ സുരക്ഷ മുൻകരുതലുകൾ എടുക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്. ചൈനയിൽ നിന്നും കുറച്ച് വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയെങ്കിലും നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്ന് വിദ്യാർത്ഥികൾ ചൈനയിൽ കുടുങ്ങുകയായിരുന്നു. കുടുങ്ങികിടക്കുന്നവരിൽ 20 പേർ മലയാളികളാണ്.

വൈറസ് ബാധയെത്തുടർന്ന് കൊച്ചി എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ പ്രത്യേക ആരോഗ്യ പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി എയര്‍പോര്‍ട്ടില്‍ ഇതിനോടകംതന്നെ 60 വിമാനങ്ങളിലായെത്തിയ പതിമൂവായിരത്തോളം പേരെ പരിശോധിച്ചു. കൊച്ചി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസലേഷന്‍ വാര്‍ഡുകളും ക്രമീകരിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് 14 പേർ നിരീക്ഷണത്തിലാണ്. വൈറസ് ബാധ സംശയിക്കുന്ന രണ്ട് പേരെ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ശരീര സ്രവത്തിന്റെ സാമ്പിളുകൾ പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചു.

എന്താണ് കൊറോണ വൈറസ്:

പൊതുവെ മൃഗങ്ങളിൽ കാണപ്പെടുന്ന വൈറസുകളാണ് കൊറോണ വൈറസ്. വളരെ വിരളമായി മാത്രം മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന ഇത്തരം വൈറസുകൾ സൂനോട്ടിക് എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരുടെ ശ്വസന സംവിധാനങ്ങളെയാണ് ഇത് പൊതുവെബാധിക്കുന്നത്. ഇത് സാർസ്, മെർസ് എന്നീ രോഗങ്ങൾക്ക് കാരണമാകും.

കൊറോണ വൈറസിന്റെ ആരംഭം:

2019 ഡിസംബർ 31 ന് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് രോഗം കണ്ടെത്തിയത്.

രോഗലക്ഷങ്ങൾ :

പനി, ചുമ, ശ്വാസതടസം,ജലദോഷം, ക്ഷീണം എന്നിവയാണ് ആദ്യ ഘട്ടങ്ങളിൽ കാണുന്നത്. ന്യൂമോണിയ ബാധിക്കാനും സാധ്യതയുണ്ട്. വൈറസ് ശരീരത്തിൽ കടന്നുകഴിഞ്ഞ് ഏകദേശം പത്ത് ദിവസങ്ങൾക്ക് ശേഷമേ രോഗലക്ഷങ്ങൾ കണ്ടുതുടങ്ങു. 5-6 ദിവസം വരെയാണ് ഇൻക്യൂബേഷൻ പീരീഡ്‌.

രോഗം പടരുന്നത് :

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും രോഗം പടരും. ഒട്ടകങ്ങളിൽ നിന്നാണ് ആദ്യമായി രോഗം മനുഷ്യരിലേക്ക് പടർന്നത്. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുക വഴിയാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുന്നത്.

രോഗം സ്ഥിരീകരിച്ച സ്ഥലങ്ങൾ

ജപ്പാൻ, തായ്‌ലൻഡ്, തായ് വാൻ, ഹോങ്കോങ്, ദക്ഷിണകൊറിയ, മക്കാവു, യു എസ്, ചൈന എന്നിവടങ്ങളിൽ രോഗം സ്ഥിരീകരിച്ചു.

ചികിത്സ :

വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇതുവരെ കണ്ടെത്തിയില്ല. വേദനാസംഹാരികളാണ് ഇപ്പോൾ രോഗം ബാധിച്ചവർക്ക് നൽകാൻ കഴിയുക. രോഗികളെ ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ പാർപ്പിക്കണം.