നാട്ടിക ബീച്ച് ഫെസ്റ്റിവല്‍; ഇനി മൂന്ന് നാളുകള്‍ക്കൂടി മാത്രം

January 23, 2020

ജനലക്ഷങ്ങള്‍ക്ക് കാഴ്ചവസന്തം സമ്മാനിക്കുന്ന നാട്ടിക ബീച്ച് ഫെസ്റ്റിവല്‍ ഇനി മൂന്ന് നാളുകള്‍ക്കൂടി മാത്രം. ജനുവരി 16 ന് ആരംഭിച്ച മഹാമേള 26ന് അവസാനിക്കും. നിരവധിപ്പേരാണ് നാട്ടിക ബീച്ച് ഫെസ്റ്റില്‍ പങ്കാളികളാകാന്‍ എത്തുന്നത്. ഓരോ ദിവസവും വര്‍ണ്ണാഭമായ വിസ്മയക്കാഴ്ചകളാണ് നാട്ടിക ബീച്ച് ഫെസ്റ്റ് ജനങ്ങള്‍ക്ക് സമ്മാനിക്കുന്നതും

ആകര്‍ഷകമായ വിലക്കുറവില്‍ ഗൃഹോപകരണങ്ങളുടെ വമ്പന്‍ ശേഖരം, രുചി ഭേദങ്ങളുടെ കലവറ തീര്‍ത്ത് ഫുഡ് കോര്‍ട്ട്, പുഷ്പക്കാഴ്ചകളുമായി വൃന്ദാവന്‍ ഫ്‌ളവര്‍ ഷോ, വളര്‍ത്തുമൃഗങ്ങളുടെ പ്രദര്‍ശനം, കുട്ടികള്‍ക്കായി അമ്യൂസ്‌മെന്റ് പാര്‍ക്ക്, അക്വാ ഷോ എന്നിവയെല്ലാം ഫെസ്റ്റിന്റെ മാറ്റു കൂട്ടുന്നു.

അതേസമയം ഏറെ ജനശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട് മേളയിലെ പെറ്റ് ഷോ. ഫെതര്‍ ആന്‍ഡ് നെയില്‍ പെറ്റ് ഷോയ്ക്ക് മികച്ച ജനസ്വീകാര്യതയാണ് ലഭിക്കുന്നതും. അന്താരഷ്ട്ര വിപണിയില്‍ നാലരലക്ഷത്തോളം രൂപ വിലമതിക്കുന്ന ഹാര്‍ലിക്കന്‍ മക്കാവോ, രണ്ട് ലക്ഷത്തിലധികം വിലമതിക്കുന്ന ബ്ലൂ ഹെഡഡ് വൈനസ് തുടങ്ങി നൂറിലധികം ഇനത്തില്‍പ്പെട്ട പക്ഷികളും മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രാവിനങ്ങളും നൂറിലധികം കോഴി വര്‍ഗത്തില്‍പ്പെട്ട പക്ഷികളും അറേബ്യന്‍ പൂച്ചകളും അന്താരാഷ്ട്ര വിപണിയില്‍ ആറ് ലക്ഷത്തില്‍പ്പരം രൂപ വിലമതിക്കുന്ന ബ്ലാക്ക് ടപ്പ് മര്‍മ്മോസെറ്റ് കുരങ്ങുകളും ഉള്‍പ്പെടെ ആയിരത്തിലധികം പക്ഷിമൃഗാദികളാണ് പെറ്റ് ഷോയില്‍ ഉള്ളത്. പ്രായഭേദമന്യേ മേളയിലെത്തുന്നവര്‍ക്ക് കൗതുകം നിറഞ്ഞ വിസ്മയക്കാഴ്ച ഒരുക്കുകയാണ് ഈ പെറ്റ് ഷോ.

ഇതിനുപുറമെ, വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളുടെ മേള, ഓട്ടോമൊബൈല്‍, ഇന്റീരിയര്‍ ഡിസൈന്‍, വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍, ലോണ്‍ മേള തുടങ്ങിയവയെല്ലാം നാട്ടിക ബീച്ച് ഫെസ്റ്റിന്റെ മറ്റ് ആകര്‍ഷണങ്ങളാണ്. മേളയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഗുണമേന്മയുള്ള സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാനുള്ള സൗകര്യവുമുണ്ട്.