പുരുഷന് മേലെയോ കീഴയോ അല്ല സ്ത്രീക്ക് സ്ഥാനം, അവനൊപ്പമാണ്: ശ്രദ്ധനേടി ഒരു കുറിപ്പ്

January 28, 2020

പുതിയ തലമുറയിലെ പെൺകുട്ടികൾ വസ്ത്രധാരണത്തിലും നടപ്പിലും എടുപ്പിലും സംസാരത്തിലുമൊക്കെ അല്പം വ്യത്യസ്തരാണ്. എന്നാൽ കുറച്ച് മോഡേൺ ആയ പെൺകുട്ടികളെ നോക്കി അവർ അത്ര പോരാ എന്ന് പറയുന്ന സമൂഹവും നമുക്ക് പരിചിതമാണ്. അതേസമയം സമൂഹത്തിന്റെ പോരായ്മകൾക്കെതിരെ പ്രതികരിക്കുന്നവരെ നോക്കി മോശക്കാരിയെന്നും, പ്രതികരിക്കാത്തവരെ നോക്കി കഴിവുകെട്ടവൾ എന്നും പറയാറുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നതും. ഇപ്പോഴിതാ മലയാളികളുടെ ചില സ്ത്രീ സദാചാര ബോധത്തിനെതിരെ വിമർശിക്കുന്ന ഷിനു ശ്യാമളൻ എന്ന ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

മലയാളിയും ചില സ്ത്രീ സദാചാര ബോധവും..

രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെണ്ണ് വെറും പോക്ക് കേസായത് കൊണ്ടല്ല, അവൾക്ക് ധൈര്യവും ചങ്കൂറ്റവുമുള്ളത് കൊണ്ടാണ്.

ഒരു പെണ്ണ് അല്പം ഇറക്കം കുറഞ്ഞ വസ്ത്രമോ കൈയില്ലാത്ത ഉടുപ്പോ ഇടുന്നത് അവൾ ആണുങ്ങളെ വളയ്ക്കാൻ വേണ്ടിയല്ല, അവൾക്ക് എന്താണോ സൗകര്യമായി തോന്നുന്നത് അവൾ അത് ധരിക്കുന്നു.

വല്ലപ്പോഴും മദ്യപിക്കുന്ന പെണ്ണിന് സ്വഭാവദൂഷ്യമാണ് എന്ന് എല്ലാ ദിവസവും തന്നെ മദ്യപിക്കുന്ന പുരുഷന്മാർ പറയുന്നത് കേൾക്കാം. എന്താല്ലേ?

ഒന്നിൽ കൂടുതൽ പുരുഷന്മാരെ പ്രണയിച്ച പെണ്ണ് വെടിയാണെന്ന് പത്തിൽ കൂടുതൽ പെണ്ണുങ്ങളെ പ്രണയിച്ചു തേച്ചവനും പറയും. അവന് എന്തുമാകാം എന്ന് അവനോട് ആരാ പറഞ്ഞേ?

എല്ലാവരോടും മിണ്ടുന്ന പെണ്ണിനെ വളയ്ക്കാൻ എളുപ്പമാണ് എന്നത് വെറുതെയാണ്. അവരിൽ നിന്ന് രണ്ടെണ്ണം കിട്ടാൻ സാധ്യത കൂടുതലാണ് എന്നെ തോന്നുന്നുള്ളൂ.

“Never judge a book by its cover” എന്ന് പറയുന്നത് പോലെ “Never judge a woman by the dress or lifestyle she follows, talk to her and know her yourself rather than hearing it from others”.

പുരുഷനെ പോലെയല്ല സ്ത്രീ ഒതുങ്ങി അടങ്ങി ജീവിക്കണം എന്ന് പറഞ്ഞു പഠിപ്പിക്കുന്ന അമ്മമാരെ വേണം ആദ്യം തിരുത്താൻ. കാലിന്മേൽ കാൽ വെച്ചു മുതിർന്നവരുടെ മുന്നിലോ ഉമ്മറത്തോ ഇരിക്കാൻ പാടില്ല എന്ന് പഠിപ്പിക്കുന്ന അമ്മമാരെ വേണം തിരുത്താൻ. അത്തരം വീട്ടുകാരെ വേണം ആദ്യം ഉപദേശിക്കാൻ.

പെണ്ണ് എന്നത് എച്ചിൽ പാത്രം കഴുകാനോ, ഭർത്താവിന്റെ ബാക്കി വെച്ച പാത്രത്തിൽ കഴിക്കേണ്ടവളോ അല്ല. അവൾ അവളാണ്. അവൾക്ക് സ്വന്തമായി ഒരു ഐഡൻറിറ്റി ഉണ്ട്. അത് ഇല്ലാതെയാക്കുന്ന രീതിയിൽ അവളെ വളർത്തരുത്. പുരുഷന് മേലെയോ കീഴയോ അല്ല അവളുടെ സ്ഥാനം, അവൾക്ക് സ്ഥാനം പുരുഷന് ഒപ്പം കൊടുക്കണം. അത് വീടുകളിൽ നിന്ന് തന്നെ തുടങ്ങണം.

മലയാളിയും ചില സ്ത്രീ സദാചാര ബോധവും..രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പെണ്ണ് വെറും പോക്ക് കേസായത് കൊണ്ടല്ല, അവൾക്ക്…

Posted by Dr Shinu Syamalan on Sunday, 26 January 2020