കൊറോണ: മരണം 1000 കടന്നു, ഇന്നലെ മാത്രം മരിച്ചത് 108 പേർ

February 11, 2020

ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കടന്നു. ഇന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1016 ആയി. ഇന്നലെ മാത്രം 108 പേരാണ് മരിച്ചത്. 2478 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42,000 കടന്നു. അതേസമയം രോഗം ഭേദപ്പെട്ട 3996 പേർ ആശുപത്രി വിട്ടു.

അതേസമയം കേരളത്തില്‍ മൂന്ന് പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കേരളത്തിൽ കൊറോണ വൈറസ് സംസ്ഥാന ദുരന്തമായി ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീടത് പിൻവലിച്ചിരുന്നു.

ചൈനയ്ക്ക് പുറമെ 27 രാജ്യങ്ങളിൽ രോഗം ബാധിച്ചിട്ടുണ്ട്. പനി, ചുമ, ശ്വാസതടസം, ജലദോഷം, ക്ഷീണം എന്നിവയാണ് കൊറോണ വൈറസ് ബാധിച്ചാല്‍ ആദ്യ ഘട്ടത്തില്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍, ന്യൂമോണിയ ബാധിക്കാനും സാധ്യതയുണ്ട്. വൈറസ് ശരീരത്തില്‍ കടന്നുകഴിഞ്ഞ് ഏകദേശം പത്ത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങൂ. 56 ദിവസം വരെയാണ് ഇന്‍ക്യൂബേഷന്‍ പീരീഡ്.

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും രോഗം പടരും. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുക വഴിയാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുന്നത്.