പാട്ടുപാടുന്ന ഈന്തപ്പനകൾ; കൗതുകമൊളിപ്പിച്ച് അബുദാബിയിലെ മരങ്ങൾ

February 26, 2020

വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിൽ ഒന്നാണ് അബുദാബിയിലെ ലൂവ്ര് മ്യൂസിയം. വൈവിധ്യമാർന്ന കാഴ്ചകൾക്കൊപ്പം സാങ്കേതിക വിദ്യയുടെ ഉപയോഗവും ഈ മ്യൂസിയത്തിന്റെ പ്രത്യേകതയാണ്. ഇപ്പോഴിതാ പാട്ടുപാടുന്ന മരങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ മ്യൂസിയം. അബുദാബിയിലെ ലൂവ്ര് മ്യൂസിയത്തിന് പുറത്തുള്ള ഈന്തപ്പനകളിലാണ് ഇനി മുതൽ സംഗീതം ഉയർന്ന് കേൾക്കുന്നത്.

ഈന്തപ്പനകള്‍ക്ക് അരികിലൂടെ നടക്കുമ്പോള്‍ ആരംഭിക്കുന്ന പാട്ട് ആളുകൾ അടുത്തെത്തുന്നതോടെ ഉയർന്നുകേൾക്കും. മരത്തെ കെട്ടിപ്പിടിക്കുന്നതോടെ പാട്ട് അതിന്റെ ഏറ്റവും ഉയർന്ന ശബ്ദത്തിലാകും.

പുതിയ ടെക്‌നോളജി നിലവിൽ വരുന്നതോടെ ഈ മ്യൂസിയം കൂടുതൽ ആളുകൾക്ക് സ്വീകാര്യമാകും. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ഇതു സൂചിപ്പിക്കുന്നത് എന്നാണ് മ്യൂസിയം അധികൃതരുടെ വാദം.

Read also: ഒറ്റക്കാലിൽ ഓടിയും ചാടിയും റെക്കോർഡുകൾ വാരിക്കൂട്ടി കെല്ലി; ഇത് അർബുദത്തെ ഓടി തോൽപ്പിച്ച ധീര വനിതയുടെ കഥ

ഫ്രഞ്ച് തിയേറ്ററായ ഡൂ ഷാറ്റ് ലെറ്റും ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിജിറ്റൽ കലാകാരന്മാരുടെ കൂട്ടായ്മയായ അംബ്രല്ലിയവും കൂടി ചേർന്നാണ് പുതിയ ടെക്‌നോളജി അവതരിപ്പിച്ചിരിക്കുന്നത്.

അതേസമയം ഈ പരിപാടിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ 30 ഈന്തപ്പനകളിലാകും പാട്ടുകൾ ഒരുക്കുക. പിന്നീടത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. 2024 ഒളിമ്പിക്സിന്റെ ഭാഗമായി പാരീസിലും പാട്ട് പാടുന്ന മരങ്ങൾ ഒരുക്കും. ഇപ്പോൾ പാട്ടുപാടുന്ന ഈ മരങ്ങൾക്ക് അഞ്ച് വർഷത്തെ കാലാവധിയാണ് കമ്പനി നൽകിയിരിക്കുന്നത്.