“കൊടുങ്ക സാര്‍…” എന്ന് ധ്രുവ് വിക്രം; സ്‌നേഹചുംബനം നല്‍കി വിജയ് സേതുപതി: സ്‌നേഹവീഡിയോ

February 4, 2020

ചലച്ചിത്രതാരങ്ങള്‍ക്കിടയിലെ സ്‌നേഹനിമിഷങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ കാഴ്ചക്കാരുടെ മനം നിറയ്ക്കുന്ന ഒരു വീഡിയോ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു. ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള വിജയ് സേതുപതിയും ധ്രുവ് വിക്രവുമാണ് വീഡിയോയിലെ താരങ്ങള്‍.

ധ്രുവ് വിക്രമിന് സ്‌നേഹചുംബനം നല്‍കിയാണ് വിജയ് സേതുപതി ആരാധകുടെ മനസ്സ് നിറയ്ക്കുന്നത്. തമിഴ് ചാനല്‍ സംഘടിപ്പിച്ച അവാര്‍ഡ് വേളയിലായിരുന്നു ഈ സ്‌നേഹനിമിഷങ്ങള്‍ അരങ്ങേറിയത്. സംഭവം ഇങ്ങനെ: മികച്ച നടനുള്ള പുരസ്‌കാരം നേടിയ ധ്രുവ് വിക്രം വേദിയിലെത്തി. പുരസ്‌കാരം സമ്മാനിക്കാന്‍ വിജയ് സേതുപതിയും. പുരസ്‌കാരം നല്‍കിയ ശേഷം വിജയ് സേതുപതിയോട് ധ്രുവിന് സ്‌നേഹചുംബനം നല്‍കാമോ എന്ന് അവതാരകര്‍ ചോദിച്ചു. മടിച്ചു നിന്ന സേതുപതിയോട് ‘കൊടുങ്ക സാര്‍’ എന്ന് ധ്രുവ് വിക്രം പറഞ്ഞതോടെ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത് സുന്ദര മുഹൂര്‍ത്തങ്ങള്‍ക്കാണ്. ധ്രുവിനെ ചേര്‍ത്തു നിര്‍ത്തി വിജയ് സേതുപതി സ്‌നേഹചുംബനം നല്‍കി.

‘ആദിത്യ വര്‍മ്മ’. എന്ന സിനിമയിലെ അഭിനയത്തിനാണ് ധ്രുവ് വിക്രമിന് പുരസ്‌കാരം ലഭിച്ചത്. തെലുങ്ക് ചിത്രം ‘അര്‍ജ്ജുന്‍ റെഡ്ഡി’യുടെ തമിഴ് റീമേക്കാണ് ‘ആദിത്യ വര്‍മ്മ’. ‘കബീര്‍ സിങ്’ എന്ന പേരില്‍ ‘അര്‍ജ്ജുന്‍ റെഡ്ഡി’ ഹിന്ദിയിലേക്കും റിമേക്ക് ചെയ്തിരുന്നു. പത്ത് മാസത്തോളം സിനിമ പോലും വേണ്ടെന്നുവെച്ച് കൂടെനിന്ന അപ്പ(നടന്‍ വിക്രം)യ്ക്കാണ് ധ്രുവ് പുരസ്‌കാരം സമര്‍പ്പിച്ചത്.