കൊവിഡ് 19- സംസ്ഥാനത്ത് ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ മാറ്റിവെച്ചു

March 10, 2020

സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ അംഗനവാടി മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ മാറ്റിവെച്ചു. അതോടൊപ്പം പൊതുപരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തേക്ക് എല്ലാ പൊതുപരിപടികളും റദ്ദാക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് ആരംഭിച്ചു. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളില്‍ പ്രത്യേക ജാഗ്രത പാലിക്കും.

അതേസമയം ജില്ലാ അടിസ്ഥാനത്തിൽ എല്ലായിടത്തും ആരോഗ്യ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. എന്നാൽ കനത്ത ജാഗ്രത നിർദ്ദേശങ്ങളുടെ സാഹചര്യത്തിൽ പൊതു ജനങ്ങളുടെ സഹകരണവും ആവശ്യമാണ്.

പത്തനംതിട്ടയിലും കൊച്ചിയിലും രോഗബാധിതർ റിപ്പോർട്ട് ചെയ്തതിനൊപ്പം ഒട്ടേറെ പേര് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുമുണ്ട്.  മൂന്ന് വയസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ കർശന ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. 281 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കുട്ടി സഞ്ചരിച്ച വിമാനത്തിലെ 99 മറ്റ് യാത്രക്കാരും നിരീക്ഷണത്തിലാണ്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്റർ സംസ്ഥാനത്ത് സജ്ജമായി. 0471 2309250, 0471 2309251, 0471 2309252 എന്നിങ്ങനെയാണ് കോൾ സെന്റർ നമ്പരുകൾ. കോവി‍ഡ് 19 കൺട്രോൾ റൂം നമ്പർ: 0481 2581900. ദിശ ഹെൽപ്‌ലൈൻ നമ്പർ : 1056.