കൊവിഡ് 19- ഐപിഎല്‍ അടച്ചിട്ട മുറിയില്‍ നടത്തണമെന്ന് നിര്‍ദ്ദേശം

March 12, 2020

കൊറോണ ഭീതിയിലാണ് ലോകം. നൂറിലധികം രാജ്യങ്ങളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കനത്ത ജാഗ്രതയിലാണ് ലോകം. കൊവിഡ് 19 ലോകവ്യാപകമായി പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തണമെന്ന് നിര്‍ദ്ദേശം. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെയാണ് ബിസിസിഐയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഐപിഎല്‍ മാറ്റിവയ്ക്കാന്‍ തയാറാകുന്നതാണ് ഉചിതമെന്നും അല്ലെങ്കില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തണമെന്നുമാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വിഷയത്തില്‍ ബിസിസിഐ മാര്‍ച്ച് 14 ശനിയാഴ്ച തീരുമാനമെടുക്കുമെന്നാണ് സൂചന.

മാര്‍ച്ച് 14-ന് ഐപിഎല്‍ ഗവേണിംഗ് ബോഡി മീറ്റിംഗ് ഉണ്ട്. മീറ്റിംഗില്‍ ഐപിഎല്‍ മത്സരങ്ങള്‍ എങ്ങനെ നടത്തണം എന്നതിനെപ്പറ്റി കൃത്യമായ തീരുമാനം ഉണ്ടാകും.

Read more: കൊവിഡ് 19: ജാഗ്രതയോടെ ലോകം, വീസകള്‍ റദ്ദ് ചെയ്ത് ഇന്ത്യ

അതേസമയം ഐപിഎല്‍ മാറ്റിവയ്ക്കില്ലെന്ന് നേരത്തെ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. എപിഎല്ലുമായി ബന്ധപ്പെട്ട ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 29 നാണ് ഐപിഎല്‍ ആരംഭിക്കുക. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം.