‘വെറും 20 മിനിറ്റും പൂജ്യം രൂപയും കൊണ്ട് ലഭിച്ചത് ലോകത്തിലെ തന്നെ മികച്ച ചികിത്സാ സംവിധാനം’- കേരളത്തിന്റെ മികവ് പങ്കുവെച്ച് ഒരു കുറിപ്പ്

March 14, 2020

കേരളത്തിന്റെ ആരോഗ്യരംഗം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കാര്യക്ഷമമാണ്. എന്നാൽ സർക്കാർ ആശുപത്രികളോട് പലർക്കും പുച്ഛം കലർന്ന മനോഭാവമുണ്ട്. എന്നാൽ ഇതിനെ തള്ളിക്കളയുന്ന അനുഭവങ്ങളാണ് അന്യനാട്ടിൽ നിന്നും കേരളത്തിൽ എത്തുന്നവർക്ക് സർക്കാർ ആശുപത്രിയിൽ നിന്നും ലഭിക്കുന്നത്. അത്തരമൊരു അനുഭവം കൊറോണയുടെ പശ്ചാത്തലത്തിൽ ബാലാജി വിശ്വനാഥ് എന്ന വ്യവസായി പങ്കുവയ്ക്കുന്നു.

കേരളത്തിൽ അവധി ആഘോഷത്തിന് കുടുംബ സമേതം എത്തിയതാണ് ബാലാജി വിശ്വനാഥ്. ഇൻവെന്റോ റോബോട്ടിക്‌സ് എന്ന കമ്പനിയുടെ സി ഇ ഓ ആണ് ബാലാജി.

ബാലാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്;

രണ്ടാഴ്ച മുൻപ് കേരളത്തിൽ അവധി ആഘോഷിക്കാനയി എത്തിയപ്പോൾ അവിടുത്തെ പൊതുജന ആരോഗ്യ രംഗത്തിന്റെ മികവ് കണ്ട് അതിശയിച്ചുപോയി.

ഞങ്ങൾ ആലപ്പുഴ ബീച്ചിനു സമീപമാണ് താമസിച്ചത്. അവിടെ വെച്ച് അതിരാവിലെ എന്റെ മകന് ചെറിയൊരു അപകടം സംഭവിച്ചു. ഞാൻ വല്ലാതെ ഭയക്കുകയും മകനെയുമെടുത്ത് സമീപത്തുള്ള ഗവൺമെന്റ് ആശുപത്രിയിലേക്ക് പോകുകയും ചെയ്തു. എന്റെ ഓർമയിൽ ഞാൻ ആദ്യമായി ഒരു ഗവൺമെന്റ് ആശുപത്രിയിൽ പോകുന്നത് അന്നാണ്.

30 സെക്കൻഡിൽ റിസപ്ഷൻ നടപടികൾ പൂർത്തിയായി, യാതൊരു ഐ ഡി കാർഡും ആവശ്യപ്പെടാതെ തന്നെ. അടുത്ത 30 സെക്കൻഡിൽ എമർജൻസി റൂമിലുള്ള ഡോക്ടറെത്തി പരിശോധിക്കുകയും പേടിക്കാൻ ഒന്നുമില്ലെന്ന്‌ അറിയിക്കുകയും ചെയ്തു. അടുത്ത രണ്ടു മിനിറ്റിൽ പ്രാഥമിക ശുശ്രുഷ നൽകുകയും അഞ്ചു മിനിറ്റിൽ ഡ്യൂട്ടി ഡോക്ടറെത്തി എക്സ്റേ ആവശ്യപ്പെടുകയും ചെയ്തു.

അതിരാവിലെ ആയതിനാൽ ലാബ് ടെക്‌നീഷ്യനെ ഉണർത്തേണ്ടി വന്നു. എങ്കിലും 2 മിനിറ്റിൽ എക്സ്റേ പൂർത്തിയായി. മകന് ഒടിവുകൾ സംഭവിച്ചിട്ടില്ലെന്നും ഓർത്തോ വിഭാഗത്തിൽ കാണിക്കാനും ഡോക്ടർ അറിയിച്ചു.

വീട്ടിൽ പോയതിനു ശേഷം ഞങ്ങൾ വീണ്ടും ആശുപത്രിയിൽ എത്തിയപ്പോൾ ഒരു നീണ്ട വാരി തന്നെ ഉണ്ടായിരുന്നു. എന്നിട്ടും അഞ്ചു മിനിറ്റിൽ ഓർത്തോയിൽ കാണിക്കാൻ സാധിച്ചു. പിന്നെയും ഒരു അഞ്ചു മിനിറ്റിനുള്ളിൽ മറ്റൊരു ഡ്യൂട്ടി ഡോക്ടർ എത്തി ബാൻഡേജ് മാറ്റി കുറിപ്പടി നൽകി. വളരെ സന്തോഷപൂർവം ഞങ്ങൾക്ക് അവധി ആഘോഷിച്ച് മടങ്ങാനും സാധിച്ചു.

ഒരുപാട് ഡോക്ടർമാരും ആരോഗ്യവിദഗ്ധരും അടങ്ങിയ ചികിത്സയ്ക്ക് ചെലവായത് വെറും 20 മിനിറ്റും പൂജ്യം രൂപയും..എനിക്ക് കേരളത്തിൽ പരിചയക്കാരില്ല ,ഒരു സ്വാധീനവുമില്ല, പ്രാദേശിക ഭാഷ പോലും അറിയില്ല. പക്ഷെ ഇതിലും മികച്ച ആരോഗ്യ സംവിധാനം ഞാൻ ലോകത്തെവിടെയും കണ്ടിട്ടുമില്ല.

ഒരു പകര്‍ച്ചവ്യാധിക്ക് മുന്‍പിലും ഇന്ത്യ ഇതുവരെ അടിയറവ് പറഞ്ഞിട്ടില്ല. ചിക്കന്‍പോക്‌സ്, പ്ലേഗ്, പോളിയോ, എച്ച്.ഐ.വി തുടങ്ങിയ രോഗങ്ങളോടെല്ലാം നമ്മള്‍ പോരാടി, അതിനാൽ കൊറോണ ബ്രോ, ഐ ഫീൽ സോറി ഫോർ യു മാൻ..

ഒട്ടേറെ പേര് സമംന അനുഭവങ്ങൾ അദ്ദേഹത്തിന്റെ പോസ്റ്റിനു കമന്റായി പങ്കുവെച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ പോലും ആരോഗ്യ രംഗത്ത് കേരളം വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ഈ കുറിപ്പിലൂടെ.