മഞ്ഞുപുതച്ച അന്റാർട്ടിക്കയിൽ പടർന്ന ചോരച്ചുവപ്പ്- അമ്പരന്ന് ഗവേഷകർ

March 2, 2020

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഉക്രെയ്‌നിലെ അന്റാർട്ടിക്ക സ്റ്റേഷനിൽ ഉള്ള ബേസ് ക്യാമ്പിലെ ഗവേഷകരെ കാത്തിരുന്നത് അമ്പരപ്പിക്കുന്ന ഒരു കാഴ്ച്ച ആയിരുന്നു. വെള്ള പുതച്ച മഞ്ഞിന് പകരം ചുറ്റും ചോരച്ചുവപ്പ്.. കലാപ ഭൂമി പോലെയായ മഞ്ഞിൽ എന്താണ് സംഭവിച്ചതെന്ന് അവർക്ക് മനസിലായില്ല. പെൻഗ്വിനുകളെ കൂട്ടത്തോടെ ഏതെങ്കിലും മൃഗങ്ങൾ കൊന്നൊടുക്കിയോ എന്നുവരെ അവർ ഭയപ്പെട്ടു. പക്ഷെ അതൊന്നുമായിരുന്നില്ല ഈ രക്തവർണത്തിന് കാരണം.

ആഗോള താപനം കാരണം ഉരുകിയും മറ്റു മാറ്റങ്ങൾ സംഭവിച്ചും പ്രതിസന്ധിയിലായിരിക്കുകയാണ് അന്റാർട്ടിക്ക. അതിന്റെ ബാക്കി തന്നെയാണ് ഈ മാറ്റവും. ക്ലാമിനൊമാഡിസ് നിവാലിസ്‌ എന്ന ചെറിയ ആൽഗെകളാണ് ഈ നിറം മാറ്റത്തിന് കാരണം. മഞ്ഞുമൂടി കിടക്കുമ്പോൾ ഈ ആൽഗെകൾ നിർജീവമാണ്. എന്നാൽ സൂര്യ പ്രകാശം ശക്തമായി എത്തുന്നതോടെ രക്തവർണം പുറപ്പെടുവിപ്പിക്കും.

മഞ്ഞുരുകി ജലം വ്യാപിക്കുമ്പോളാണ് ഈ ആൽഗെ എല്ലായിടത്തും രക്തവർണത്തിൽ പടരുന്നത്. അന്റാർട്ടിക്കയുടെ അവസ്ഥ കൂടുതൽ അപകടത്തിലാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു കഴിഞ്ഞു.

താപനില അതിശയിപ്പിക്കുന്ന തരത്തിൽ ഉയരുകയാണ്. ലോകമെമ്പാടും ഈ ഉയർന്ന നിലയിലുള്ള ചൂട് വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. ഏറ്റവുമധികം ഈ ഭീകരത വെളിവാകുന്നത് അന്റാർട്ടിക്കയിലാണ്. അതിവേഗത്തിലാണ് അന്റാർട്ടിക്കയിൽ മഞ്ഞുരുകികൊണ്ടിരിക്കുന്നത്.

Read More:കാണാതാകുന്ന കുട്ടികൾ- ആശങ്ക വേണ്ട: കേരള പൊലീസ്

ദീർഘകാലത്തേക്ക് താപനില ഉയർന്ന് മഞ്ഞുരുകുന്നതാണ് പ്രതിസന്ധിയാകുന്നത്. 2019-2020 കാലത്തെ മൂന്നാമത്തെ പ്രധാനപ്പെട്ട മഞ്ഞുരുകലാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇങ്ങനെ തുടർന്നാൽ വലിയ പ്രതിസന്ധികൾ ലോകം തന്നെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് നാസ സൂചിപ്പിക്കുന്നു.