കൊവിഡ്-19- വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് വിസ നീട്ടി നല്കാൻ ഒരുങ്ങി കുവൈറ്റ്

March 10, 2020

കൊറോണ വൈറസ് ബാധ ലോകം മുഴുവൻ വ്യാപിച്ചതോടെ ഭീതിയിലാണ് ജനങ്ങൾ. ഈ സാഹചര്യത്തിൽ ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. അതേസമയം വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരുടെ വിസ കാലാവധി നീട്ടിനൽകാൻ ഒരുങ്ങുകയാണ് കുവൈറ്റ് അധികൃതർ. സന്ദർശന വിസയിൽ എത്തിയവർക്കും ഈ സൗകര്യം ഒരുക്കും. കുവൈറ്റ് ആഭ്യന്തര മന്ത്രി അനസ് ഖാലിദ് അൽ സാലിഹാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തുവിട്ടത്.

ഇന്ത്യ, ലെബനൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ചൈന, ഹോങ്‌കോങ്, ഇറാൻ, സിറിയ, ഈജിപ്ത്, ഇറാഖ്, തായ്‌ലൻഡ്, ഇറ്റലി, ദക്ഷിണകൊറിയ, ജപ്പാൻ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ ആനുകൂല്യം ഒരുക്കിയിരിക്കുന്നത്.

അതേസമയം കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം കൂടുതല്‍ ജാഗ്രതയിലാണ്. വിദേശത്തു നിന്നും കേരളത്തിലെത്തുന്നവര്‍ യാത്രാവിവരങ്ങള്‍ മറച്ചുവെച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ ഭയമല്ല വേണ്ടത് കനത്ത ജാഗ്രതയാണെന്നും ആരോഗ്യവകുപ്പ് ഓര്‍മ്മപ്പെടുത്തുന്നു.

ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും വിമാനത്താവളങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ പൊതുജന ആരോഗ്യനിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.