‘ആടുജീവിത’ത്തിനായി പറഞ്ഞതുപോലെ ഇന്ത്യ വിട്ട് പൃഥ്വിരാജ്; എങ്ങോട്ടെന്നറിയാതെ ആരാധകർ

March 4, 2020

കഥാപാത്രമാകാനുള്ള ആത്മസമർപ്പണം ഏറ്റവുമധികമുള്ള താരം ആരെന്ന ചോദ്യത്തിന് ഇപ്പോൾ പൃഥ്വിരാജ് എന്നല്ലാതെ മറ്റൊരു മറുപടിയില്ല. ‘ആടുജീവിത’ത്തിലെ നജീബ് ആകാൻ കഠിനമായ ഡയറ്റ് നിയന്ത്രണത്തിലൂടെ മെലിഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. കൂടുതൽ ലുക്ക് മാറ്റത്തിനായി രാജ്യം വിടുകയാണെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ അദ്ദേഹം വിദേശത്തേക്ക് യാത്രയായിരിക്കുകയാണ്.

എന്നാൽ പൃഥ്വിരാജിനോട് അടുപ്പമുള്ള വൃത്തങ്ങൾ പോലും ഏത് രാജ്യമെന്നോ എങ്ങോട്ടാണെന്നോ പുറത്ത് വിട്ടിട്ടില്ല. എയർപോർട്ടിൽ എത്തിയ പൃഥ്വിരാജിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം.

രണ്ട് കാരണങ്ങളാല്‍ താൻ രാജ്യം വിടുകയാണെന്ന് താരം വ്യക്തമാക്കിയിരുന്നു. ‘ഒന്ന്, ഞാന്‍ എനിക്ക് വേണ്ടി തന്നെ കുറച്ച് സമയം എടുക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു. രണ്ട്, എന്റെ മാറ്റത്തിന്റെ അവസാനഘട്ടമാണ്. അത് സിനിമ തിയറ്ററിലെത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണെന്ന് ഞാന്‍ കരുതുന്നു’.

Read More:രണ്ടു കാരണങ്ങളാൽ ഞാൻ രാജ്യം വിടുകയാണ്; കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്

‘ആടുജീവിതം’ എന്ന സിനിമയില്‍ നജീബ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് കഥയുടെ പ്രമേയം.