നിദ്രാ ദിനത്തിൽ അറിയാം എളുപ്പത്തിൽ ഉറങ്ങാനുള്ള ചില നുറുങ്ങുവഴികൾ

March 13, 2020

അന്താരാഷ്ട്ര നിദ്രാ ദിനമായ ഇന്ന് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് എളുപ്പത്തിൽ ഉറങ്ങാനുള്ള വഴികൾ. മനസിനും ശരീരത്തിനും ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഉറക്കം. സുഖകരമായ ആരോഗ്യത്തിന് സുഖകരമായ ഉറക്കവും അനിവാര്യം തന്നെ. എന്നാല്‍ ഇന്ന് പലവിധ കാരണങ്ങളാല്‍ സുഖകരമായ ഉറക്കം പലര്‍ക്കും നഷ്ടമാകുന്നു. പലപ്പോഴും ഉറക്കകുറവ് വിവിധങ്ങളായ രോഗങ്ങളിലേക്കും വഴി തെളിക്കും. എന്നാല്‍ ചില കാര്യങ്ങളില്‍ ഒരല്പം ശ്രദ്ധ കൂടുതല്‍ കൊടുത്താല്‍ സുഖകരമായ ഉറക്കം സ്വന്തമാക്കാം.

എല്ലാ ദിവസവും കൃത്യ സമയത്ത് ഉറങ്ങാൻ ശ്രമിക്കണം. ഓരോ ദിവസങ്ങളിലും വ്യത്യസ്ത സമയങ്ങളിൽ ഉറങ്ങാന്‍ തിരഞ്ഞെടുക്കുമ്പോള്‍ നല്ല ഉറക്കം ലഭിക്കാതെ വരുന്നു. ഉറക്കത്തിനുള്ള സമയം കൃത്യമായി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്.

ഉറക്കത്തിൽ രക്തസമ്മർദം കുറവായിരിക്കും. എന്നാൽ ഉറക്കം കുറയുമ്പോൾ ഹൃദയമിടിപ്പ് വർധിച്ച് രക്തസമ്മർദം ഉയർത്തുന്നു. ഇതും ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്നു. അതിനാൽ കൃത്യമായി ഉറങ്ങേണ്ടത്ല ഹൃദയത്തിന്റെ സുഗമമായുള്ള പ്രവർത്തനങ്ങൾക്കും അത്യാവശ്യമാണ്.

ലഹരി വസ്തുക്കളുടെയും മദ്യത്തിന്റെയുമെല്ലാം അമിതോപയോഗം ഉറക്കത്തെ ദോഷകരമായി ബാധിക്കും. രാത്രിയിൽ നന്നായി ഉറങ്ങിയില്ലെങ്കിൽ അടുത്ത ദിവസം ശാരീരികമായും മാനസികമായും ക്ഷീണം ഉണ്ടാകും. അതിനാൽ ഉറങ്ങാനായി മദ്യം കഴിക്കുന്ന ശീലം പൂർണമായും ഒഴിവാക്കണം.

ഫോണിന്റെയും കംപ്യൂട്ടറിന്റെയും അമിതോപയോഗവും ഉറക്കത്തെ ദോഷകരമായി ബാധിക്കും. ഉറങ്ങുന്നതിന് മുമ്പായി ഫോൺ എടുത്ത് മാറ്റിവെച്ചതിന് ശേഷം മാത്രം കിടക്കുക.

രാത്രിയിലെ ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം. രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കരുത്. ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം മാത്രം ഉറങ്ങാൻ കിടക്കുക. കിടക്കുന്നതിന് മുൻപ് വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

അതുപോലെ കൃത്യമായുള്ള വ്യായാമവും നല്ല ഉറക്കം നൽകും. മേല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഒരല്പം ശ്രദ്ധ കൂടുതല്‍ നല്‍കിയാല്‍ സുഖകരമായ ഉറക്കം ലഭിക്കും.