ഇന്ന് ലോക നിദ്രാദിനം, ഉറക്കദിനത്തിലും ചർച്ചയായി ഉറക്കമില്ലായ്‌മ

March 18, 2022

ഇന്ന് ലോക ഉറക്കദിനം- ഉറക്കത്തിനായി ഒരു ദിനം എന്ന് കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നാം. എന്നാൽ ഇന്നാണ് ആ ദിനം. ഉറക്കത്തിന്റെ പ്രാധാന്യവും ഉറക്കവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങളുമൊക്കെയാണ് ഈ ദിനത്തിൽ ചർച്ചയാകുന്നത്. 2008 മുതലാണ് ലോക ഉറക്ക ദിനം ആചരിച്ച് വരുന്നത്. Quality Sleep, Sound Mind, Happy World എന്നതാണ് 2022 ലെ ലോക ഉറക്ക ദിനത്തിന്റെ പ്രമേയം. ഈ വിഷയത്തിൽ ഉറക്കത്തിന്റെ ആവശ്യകതയാണ് എടുത്ത് പറയുന്നത്. ഒരു വ്യക്തിക്ക് കുറഞ്ഞത് 7-8 മണിക്കൂർ ഉറക്കം ആവശ്യമാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. ഇക്കാലത്ത് ഉറക്കത്തിനേക്കാൾ കൂടുതലായി ഉറക്കമില്ലായ്മയെക്കുറിച്ചാണ് ചർച്ചയാകേണ്ടത്. കാരണം എല്ലാവരും തങ്ങളുടെ സൗകര്യങ്ങൾക്ക് അനുസരിച്ച് ഉറക്കത്തെ മാറ്റികൊണ്ടിരിക്കുകയാണ്.

അതേസമയം ഉറക്കത്തിന്റെ താളം തെറ്റിയാൽ അത് ജീവിതത്തിന്റെ മുഴുവൻ താളവും തെറ്റിക്കും. ചിലപ്പോഴൊക്കെ സൗകര്യപൂർവ്വം ഉറക്കത്തെ ഒഴിവാക്കുന്നവരും ഉണ്ട്. ഫോണിലും ടെലിവിഷനിലും കമ്പ്യൂട്ടറിലും മുഴുകി ഉറക്കത്തിനെ ഇഷ്ടാനുസരണം മാറ്റിവയ്ക്കുന്നവരും ഇന്ന് നിരവധിയാണ്. എന്നാൽ ഇത് കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആദ്യകാലത്ത് മനസ്സിലാകണം എന്നില്ല. കാരണം വായുവും വെള്ളവും ഭക്ഷണവും പോലെ മനുഷ്യന് ആവശ്യമുള്ള ഒന്നാണ് ഉറക്കവും. ഉറക്കമില്ലാതാകുമ്പോൾ മനുഷ്യനുണ്ടാകുന്ന ആരോഗ്യ പ്രശ്നനങ്ങൾ ഊഹിക്കാവുന്നതിനും അപ്പുറമാണ്.

Read also:സാമുഹ്യ വ്യവസ്ഥിതിയിലെ ഏറ്റവും ഇരുളടഞ്ഞ കാലഘട്ടത്തിൽ ജീവിച്ച കേളുവിനെ ജീവസ്സുറ്റതാക്കി ഇന്ദ്രൻസ്- പ്രശംസിച്ച് സംവിധായകൻ

ഉറക്കമില്ലായ്മ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും. രക്തസമ്മർദ്ദം, മാനസിക പ്രശ്നങ്ങൾ ഇതൊക്കെ ഉറക്കവുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ ടെൻഷനുകളെ ഒരുപരിധി വരെ ഇല്ലാതാക്കുന്നത് ഉറക്കമാണ്. അമിതസമ്മര്‍ദം, ഉറക്കമില്ലയ്മ എന്നിവ ഒരാള്‍ക്കു ഹൃദ്രോഗസാധ്യത മൂന്നിരട്ടി വർധിപ്പിച്ചേക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഉറക്കകുറവ് വിവിധങ്ങളായ രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. ചില കാര്യങ്ങളില്‍ ഒരല്പം ശ്രദ്ധ കൂടുതല്‍ കൊടുത്താല്‍ സുഖകരമായ ഉറക്കം സ്വന്തമാക്കാം.

Read also:വിനീത് ശ്രീനിവാസന്റെ വരികൾക്ക് ദിവ്യയുടെ ശബ്ദം; പ്രേക്ഷകർ കാത്തിരുന്ന ഉണക്കമുന്തിരി ഗാനമെത്തി

ഉറക്കത്തിനുള്ള സമയം കൃത്യമായി ക്രമീകരിക്കുക എന്നതാണ് ഇതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഓരോ ദിവസങ്ങളിലും വ്യത്യസ്ത സമയങ്ങള്‍ ഉറങ്ങാന്‍ തെരഞ്ഞെടുക്കുമ്പോള്‍ ഉറക്കത്തിന്റെ താളം തെറ്റുന്നു. അതുകൊണ്ട് ഉറക്കത്തിനുള്ള സമയം കൃത്യമായി ക്രമീകരിക്കേണ്ടതുണ്ട്. ജോലി ഭാരവും പഠനഭാരവുമൊക്കെ മറന്ന് സുഖമായി ഒന്നു ഉറങ്ങാന്‍ പലരും തെരഞ്ഞെടുക്കുന്നത് അവധി ദിവസങ്ങളെയാണ്. എന്നാല്‍ അവധി ദിവസങ്ങളില്‍ കൂടുതല്‍ ഉറങ്ങുന്നത് അത്ര ഗുണകരമല്ല. എല്ലാ ദിവസവും ഉറങ്ങുന്നതിനു വേണ്ടിയുള്ള സമയത്തില്‍ ഒരു കൃത്യത വരുത്തേണ്ടത് അത്യാവശ്യമാണ്.

Story highlights: world sleep day