ഇന്ന് ലോക ഉറക്ക ദിനം; ചർച്ചയായി ഉറക്കമില്ലായ്മ..

March 13, 2020

ഉറക്കത്തിനായി ഒരു ദിനം എന്ന് കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നാം. എന്നാൽ ഇന്നാണ് ആ ദിനം. ഉറക്കത്തിന്റെ പ്രാധാന്യവും ഉറക്കവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങളുമൊക്കെയാണ് ഈ ദിനത്തിൽ ചർച്ചയാകുന്നത്. ലോകമെമ്പാടും നിദ്രാ ദിനമായി ആചരിക്കുന്നത് മാർച്ച് 13 ആണ്.

തിരക്കേറിയ ലോകത്ത് ഉറക്കത്തിനേക്കാൾ ഉറക്കമില്ലായ്മയെക്കുറിച്ചാണ് ചർച്ചയാകേണ്ടത്. കാരണം എല്ലാവരും ജോലി തിരക്കുകളിലും ജീവിത പ്രശ്നങ്ങളിലും ഉറക്കമില്ലാതെ അലയുന്നവരാണ്. ഉറക്കത്തിന്റെ താളം തെറ്റിയാൽ അത് ജീവിതത്തിന്റെ താളവും തെറ്റിക്കും.

ജോലി തിരക്കോ ജീവിത പ്രശ്നമോ ഒന്നും അല്ലാതെ ഫോണിലും ടെലിവിഷനിലും കമ്പ്യൂട്ടറിലും മുഴുകി ഉറക്കത്തിനെ ഒഴിവാക്കുന്നവരുണ്ട്. ഉറക്കം ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകുമ്പോൾ വലിയ ബുദ്ധിമുട്ടുകൾ തുടക്കത്തിൽ മനസിലാകില്ല.

വായുവും വെള്ളവും ഭക്ഷണവും പോലെ മനുഷ്യന് ആവശ്യമുള്ള ഒന്നാണ് ഉറക്കവും. ഭക്ഷണമില്ലാതെയും വെള്ളമില്ലാതെയും വായു ഇല്ലാതെയും ആർക്കും ജീവിക്കാൻ കഴിയില്ല. അപ്പോൾ ഉറക്കമില്ലാതാകുമ്പോൾ മനുഷ്യനുണ്ടാകുന്ന ആരോഗ്യ പ്രശ്നനങ്ങൾ ഊഹിക്കാവുന്നതിനും അപ്പുറമാണ്.

ഓരോരുത്തർക്കും പ്രായവും ലിംഗവും സാഹചര്യവും അനുസരിച്ച് ഉറക്കവും വ്യത്യസ്തമായിരിക്കും. മുതിർന്ന ഒരു മനുഷ്യന് ഏഴു മുതൽ ഒൻപതു മണിക്കൂർ വരെ ഉറക്കം ആവശ്യമുണ്ട്.

Read More:കൊറോണയെ തുരത്താം ഒറ്റക്കെട്ടായ്; ഇന്റർനെറ്റ് വേഗത കൂട്ടി ടെലികോം കമ്പനികളും

ഉറക്കമില്ലായ്മ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും. രക്തസമ്മർദ്ദം, മാനസിക പ്രശ്നങ്ങൾ ഇതൊക്കെ ഉറക്കവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഉറക്കത്തെ വളരെയധികം കരുതലോടെ ചേർത്തുനിർത്തണം.