‘ജീവിതത്തില്‍ ആരാണ് മാസ്റ്റര്‍’ എന്ന് അവതാരക; ഹൃദയംതൊട്ട് വിജയ് സേതുപതിയുടെ മറുപടി
വിജയ് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മാസ്റ്റര്‍’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വിജയ് സേതുപതി. താരമാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തുന്നത്. ചടങ്ങില്‍ സംസാരിക്കാനെത്തിയ വിജയ് സേതുപതിയോട് അവതാരക ചോദിച്ചു, ജീവിതത്തില്‍ ആരാണ് മാസ്റ്റര്‍ എന്ന്. ഇതിന് താരം നല്കിയ ഉത്തരമാണ് ശ്രദ്ധ നേടുന്നത്.
അച്ഛനെക്കുറിച്ചാണ് പിന്നീട് താരം സംസാരിച്ചതൊക്കെയും. വിജയ് സേതുപതിയുടെ വാക്കുകള്‍- “വിജയ് ഗുരുനാഥ സേതുപതി, എന്നാണ് എന്റെ പേര്. എന്റെ അച്ഛന് എനിക്ക് നല്കിയ പേര് വിജയ് ഗുരുനാഥ സേതുപതി കാളിമുത്തു എന്നാണ്. അച്ഛനാണ് ജീവിതത്തിലെ എന്റെ മാസ്റ്ററും. മക്കള്‍ക്ക് ഇഷ്ടമല്ലെങ്കിലും എല്ലാ അച്ഛന്മാരും ഒരുപാട് കാര്യങ്ങള്‍ മക്കളോട് പറഞ്ഞുകൊണ്ടേയിരിക്കും. ഏതെങ്കിലും ഒരു കാലത്ത് പറഞ്ഞ കാര്യങ്ങള്‍ തുണയായി വരുമെന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്യുന്നത്. ആ അറിവ് എല്ലാ അച്ഛന്മാര്ക്കുമുണ്ട്. എന്റെ അച്ഛനും ആ അറിവ് എനിക്ക് പകര്‍ന്നു നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് ഞാനിപ്പോള്‍ ഇവിടെ നില്‍ക്കുന്നത്. വലിയൊരു സദസ്സിനു മുന്നില്‍ നില്ക്കാന് എന്നെ പ്രാപ്തനാക്കിയതും എന്റെ അച്ഛനാണ്.” വിജയ് സേതുപതി പറഞ്ഞു.
”ഒരിക്കല്‍ അച്ഛന്റെ ഫോട്ടോ നോക്കി ഞാന്‍ ചീത്ത വിളിച്ചിട്ടുണ്ട്, വഴക്കിട്ടിട്ടുണ്ട്. ഞാന്‍ നന്നായി ഇരിക്കുന്ന ഈ സമയത്ത് നിങ്ങള്‍ എങ്ങോട്ടാണ് പോയതെന്നൊക്കെ പറഞ്ഞ് കുറേ ഇമോഷ്ണല്‍ ആയിട്ടുണ്ട്. അച്ഛനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അച്ഛനാണ് എന്റെ മാസ്റ്റര്‍.” ഉള്ളുതൊടുന്നതായിരുന്നു താരത്തിന്റെ വാക്കുകള്‍.
ലോകേഷ് കനകരാജ് ആണ് ‘മാസ്റ്റര്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വിജയ് സേതുപതി ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തുന്നു എന്നതാണ് സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തും.